,

2012 ജനുവരി 7, ശനിയാഴ്‌ച

വൈബ്‌സൈറ്റുകളുടെ വേഗം കൂട്ടാന്‍ ഗൂഗിള്‍ സങ്കേതം

വൈബ്‌സൈറ്റുകളുടെ വേഗം കൂട്ടാന്‍ ഗൂഗിള്‍ സങ്കേതം

സൈറ്റുകളുടെ കുറഞ്ഞ വേഗം ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ സ്ഥിരം തലവേദനയാണ്. പല സൈറ്റുകളുടെ ലോഡ് ചെയ്തുവരാന്‍ സമയമെടുക്കും. വ്യക്തികളുടെയും ചെറുകിട കമ്പനികളുടെയും വെബ്‌സൈറ്റുകളാണ് ഈ ദുര്‍വിധി നേരിടുന്നതില്‍ ഏറെയും. കൂടുതല്‍ പേര്‍ ഒരേ സമയം ഉപയോഗിക്കുമ്പോഴും പലവെബ്‌സൈറ്റുകളും മെല്ലെയാകുന്നു. ഉപഭോക്താക്കളെയും വെബ് ഉടമകളെയും ഒരേപോലെ കുഴയ്ക്കുന്ന പ്രശ്‌നമാണിത്.

വെബ്‌സെര്‍വ്വറുകളിലാണ് സൈറ്റിന്റെ വിവരങ്ങള്‍ സൂക്ഷിക്കുന്നത്. സെര്‍വറിലെ സംഭരണസ്ഥലം വര്‍ധിപ്പിക്കുകയാണ് വെബ്‌സൈറ്റുകള്‍ മെല്ലെയാകുന്നത് തടയാനുള്ള ഒരു മാര്‍ഗം. അതുപോലെ ഒന്നിലധികം സെര്‍വ്വറുകള്‍ ഉപയോഗിച്ചും ഒരുപരിധി വരെ ഈ പ്രശ്‌നം പരിഹരിക്കാം. പക്ഷേ, ഇതെല്ലാം അധിക ചെലവ് വരുന്ന സംഗതിയാണ്.

എന്നാല്‍, ചെലവ് വര്‍ധിപ്പിക്കാതെ ഈ പ്രശ്‌നത്തിന് ഗൂഗിള്‍ ഒരു പരിഹാരം അവതരിപ്പിച്ചിരിക്കുന്നു. 'മോഡ്്_പേജ്‌സ്്പീഡ്്' (mode_pagespeed) എന്ന സോഫ്ട്‌വേറാണ് ആ പരിഹാരം. വെബ്‌സൈറ്റുകളുടെ വേഗം ഇരട്ടിയിലധികം വര്‍ദ്ധിപ്പിക്കാന്‍ ഈ സോഫ്ട്‌വേര്‍ സഹായിക്കുമെന്ന് ഗൂഗിള്‍ പറയുന്നു. അപാഷേ വെബ് സെര്‍വറുകളില്‍ (Apache Web server) വെബ്‌സൈറ്റ് ഉടമകള്‍ക്ക് നേരിട്ട് തന്നെ ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന ഈ സോഫ്ട്‌വേര്‍ തികച്ചും സൗജന്യമാണ്.

വെബ്‌സൈറ്റിലെ ചിത്രങ്ങളടക്കമുള്ള വിവരങ്ങള്‍ ഞെരുക്കിയമര്‍ത്തി കൂടുതല്‍ സ്ഥലം ലഭ്യമാക്കിയും വേഗം കൂട്ടാനുള്ള മറ്റു മാറ്റങ്ങള്‍ നടത്തിയുമാണ് ഈ സോഫ്ട്‌വേര്‍ പരമാവധി വേഗം സാധ്യമാക്കുന്നത്. വെബ്‌സൈറ്റിന്റെ വേഗം കൂട്ടാനുള്ള സാങ്കേതികവിദ്യ കൈവശമില്ലാത്ത വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അനുഗ്രഹമായിരിക്കും ഈ സോഫ്ട്‌വേര്‍.

വെബ്‌സൈറ്റുകളുടെ വേഗത്തെപ്പറ്റിയും കുറഞ്ഞ വേഗത്തിന്റെ കാരണങ്ങളെപ്പറ്റിയും വിവരം നല്‍കുന്ന 'പേജ് സ്​പീഡ്' (Page Speed) എന്ന ഒരു സോഫ്ട്‌വേര്‍ ഉപകരണം ഗൂഗിള്‍ നേരത്തെ തന്നെ അവതരിപ്പിച്ചിരുന്നു. വെബ്‌സൈറ്റുള്‍ക്ക് കൂടുതല്‍ വേഗം കിട്ടാന്‍ എന്താക്കെ ചെയ്യണമെന്നുള്ള നിര്‍ദ്ദേശവും ഈ ടൂള്‍ നല്‍കിയിരുന്നു.

പുതിയ സോഫ്ട്‌വേറിന്റെ പ്രോജക്ട് മേധാവിയായ റിച്ചാര്‍ഡ് റാബിറ്റിന്റെ അഭിപ്രായത്തില്‍ 'മറ്റുള്ള വെബ്‌സൈറ്റുകളുടെ വേഗക്കുറവിന്റെ കാരണങ്ങള്‍ പറയുന്നതിനേക്കാള്‍ എന്തുകൊണ്ട് നമുക്കുതന്നെ ഇതു പരിഹരിച്ചുകൂടാ എന്നുള്ള ആലോചനയില്‍നിന്നാണ് പുതിയ സോഫ്ട്‌വേര്‍ (mode_pagespeed) രൂപം കൊണ്ടത്. മാത്രമല്ല ഗൂഗിളിന്റെ സേവനങ്ങള്‍ കൂടുതല്‍ ഉപയോഗിക്കാന്‍ ഇത് അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ വെബ് ഹോസ്റ്റിങ് നടത്തുന്ന അല്ലെങ്കില്‍ സെര്‍വര്‍ സേവനം നല്‍കുന്ന മറ്റ് പ്രധാനകമ്പനികളുമായും ഈ സോഫ്ട്‌വേര്‍ ഉപയോഗിക്കാനായി ഗൂഗിള്‍ ധാരണ ഉണ്ടാക്കുന്നുണ്ട്. വെബ് ഹോസ്റ്റിങ് കമ്പനികള്‍ ഇത് നേരിട്ട് സെര്‍വറുകളില്‍ ഉപയോഗിച്ചാല്‍ വെബ്‌സൈറ്റുകള്‍ക്ക്് സ്വാഭാവികമായും കൂടുതല്‍ വേഗം കൈവരും.

പ്രമുഖ വെബ്‌ഹോസ്റ്റിങ് കമ്പനിയായ 'ഗോഡാഡി' (GoDaddy) തങ്ങളുടെ സര്‍വ്വറുകളില്‍ ഗൂഗിളിന്റെ പുതിയ സോഫ്ട്‌വേര്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കുറഞ്ഞ ചെലവില്‍ വെബ്‌സൈറ്റുകള്‍ക്ക് പരമാവധി വേഗവും കാര്യക്ഷമതയും ഉണ്ടാക്കാന്‍ ഗൂഗിളിന്റെ പുതിയ സോഫ്ട്‌വേര്‍ സഹായിക്കുമെന്ന് ഗോഡാഡി മേധാവി വാറന്‍ അദെല്‍മാന്‍ പറയുന്നു.

വെബ് സൈറ്റുകളുടെ വേഗം വര്‍ദ്ധിപ്പിക്കാനുള്ള ഗവേഷണത്തിന്റെ ഫലമായി മറ്റു പല നേട്ടങ്ങളും ഗൂഗിളിന് ഉണ്ടായിട്ടുണ്ട്. ഗൂഗിളിന്റെ പുതിയ ക്രോം പതിപ്പ് ഇങ്ങനെ ഉണ്ടായതാണ്. പുതിയ ക്രോം മറ്റുള്ള ബ്രൗസറുകളെ അപേക്ഷിച്ച് കൂടുതല്‍ വേഗതയുള്ളതാണ്. മാത്രമല്ല അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ ഹൈ-സ്​പീഡ് ബ്രോഡ്ബാന്റ് സേവനവും ഗൂഗിള്‍ ഇപ്പോള്‍ നല്‍കുന്നുണ്ട്.

ഈ സേവനത്തിന് മുന്നിലും ഗൂഗിളിന് വ്യക്തമായ സാമ്പത്തിക ലക്ഷ്യങ്ങളുണ്ട്. വെബ് സൈറ്റുകളുടെ വേഗം കൂടുമ്പോള്‍ കൂടുതല്‍ ആളുകള്‍ കൂടുതല്‍ സമയം ഇന്റര്‍നെറ്റില്‍ ചെലവഴിക്കും. അതിന്റെ ഫലമായി കൂടുതല്‍ പരസ്യം ജനങ്ങളിലേക്കെത്തിക്കാന്‍ ഗൂഗിളിന് കഴിയും. ഗൂഗിളിന്റെ പ്രധാന വരുമാന മാര്‍ഗ്ഗം പരസ്യമാണ്.

വെബ്‌സെര്‍വറുകള്‍:
നിങ്ങള്‍ ഒരുവെബ്‌സൈറ്റ് രജിസ്റ്റര്‍ ചെയ്യുന്നതോടൊപ്പം ആ സൈറ്റിലെ വിവരങ്ങള്‍ സൂക്ഷിക്കാനാവശ്യമായ സ്ഥലവും സ്വന്തമാക്കേണ്ടതുണ്ട്. ലോകത്തിന്റെ വിവിധ കോണുകളില്‍ കിടക്കുന്ന സെര്‍വറുകളിലാണ് സൈറ്റിന്റെ വിവരങ്ങള്‍ സൂക്ഷിക്കുന്നത്. സുരക്ഷാസംവിധാനങ്ങളോടെ വിവരങ്ങള്‍ സെര്‍വറുകളില്‍ സൂക്ഷിക്കപ്പെടുന്നു. ലോകത്തിന്റെ ഏതുഭാഗത്തും സൈറ്റ് ലഭ്യമാകുന്നത് ഈ സെര്‍വറുകള്‍ വഴിയാണ്. പ്രധാന സൈറ്റുകളെല്ലാം തങ്ങളുടെ വിവരങ്ങള്‍ സൂക്ഷിക്കാന്‍ ഒന്നിലധികം സെര്‍വറുകളുടെ സേവനം തേടാറുണ്ട്. ഒരു സെര്‍വറിന് തകരാര്‍ പറ്റിയാലും സൈറ്റ് മുടങ്ങാതിരിക്കാന്‍ ഇത് സഹായിക്കും. സാധാരണഗതിയില്‍ വെബ്‌സെര്‍വറുകളുടെ സേവനം നല്‍കുന്ന കമ്പനികളെയാണ് വെബ്‌ഹോസ്റ്റിങ് കമ്പനികളെന്ന് വിളിക്കാറുള്ളത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ