,

2012, ജനുവരി 7, ശനിയാഴ്‌ച

ഫിറ്റ് ആവാന്‍ ഇതാ എളുപ്പവഴി

ഫിറ്റ് ആവാന്‍ ഇതാ എളുപ്പവഴി
ശരീരത്തിന്റെ അമിതഭാരം നിയന്ത്രിക്കണമെന്നും ഭക്ഷണം ക്രമീകരിക്കണമെന്നുമൊക്കെ ആഗ്രഹിക്കാത്തവര്‍ ചുരുക്കമാണ്. 

എന്നാല്‍ പലര്‍ക്കും ആ ആഗ്രഹം പ്രവര്‍ത്തിയില്‍ കൊണ്ടുവരാന്‍ കഴിയാറില്ല. ഭക്ഷണത്തില്‍ ചിലകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തീര്‍ച്ചയായും ശരീരഭാരം നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കഴിയും. ഇതിനായി പട്ടിണി കിടന്നിട്ടോ, കടുകട്ടിയായ ഡയറ്റുകള്‍ ശീലിച്ചിട്ടോ മാത്രം കാര്യമില്ല. 

നന്നായി ചവച്ചരയ്ക്കുക

ഭക്ഷണം ഏതുവിധേനയും വായിലാക്കി പല്ലുകൊണ്ട് തൊടീക്കാതെ വെട്ടിവിഴുങ്ങുന്ന ശീലം ആദ്യം നിര്‍ത്താം. പതുക്കെ ചെറിയ അളവിലുള്ള ഭക്ഷണം നന്നായി ചവച്ചരച്ച് കഴിയ്ക്കാന്‍ തുടങ്ങുക. ഇത് ദഹനേന്ത്രിയത്തിന്റെ ജോലി കുറയ്ക്കും. പലവട്ടം ഭക്ഷണം ചവയ്ക്കുമ്പോള്‍ ഒട്ടേറെ കഴിച്ചെന്ന് തലച്ചോറിന് തോന്നും, ഇങ്ങനെ തലച്ചോറിനെ പറ്റിച്ച് ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാന്‍ കഴിയും. 

കഴിയ്ക്കുന്നതിനിടെ വെള്ളം കുടി വേണ്ട
ഒരു ഉരുള ചോറി ഒരു കവിള്‍ വെള്ളം, ഇതാണ് മിക്കവരുടെയും ഭക്ഷണരീതി, ഇതും മാറ്റേണ്ടതുതന്നെ. ഭക്ഷണത്തിനിടെ വെള്ളം കുടിയ്ക്കുന്നത് ദഹനരസങ്ങളെ പ്രതികൂലമായി ബാധിയ്ക്കും, അവയുടെ പ്രവര്‍ത്തനക്ഷമത കുറയും. 

അഥവാ ഇങ്ങനെ ഇടയ്ക്കു വെള്ളം കുടിയ്ക്കാതെ കഴിയ്ക്കാന്‍ കഴിയില്ലെന്നാണെങ്കില്‍ ഹെര്‍ബല്‍ ടീ, വൈന്‍ എന്നിവ ശീലിയ്ക്കു. ഇവ ദഹനരസങ്ങളെ ബാധിക്കില്ല, മാത്രവുമല്ല വെള്ളം പോലെ കൂടുതല്‍ അളവില്‍ കുടിയ്ക്കാനും കഴിയില്ല.

പ്രാതല്‍ രാജാവിനെപ്പോലെ


രാവിലെ തിരക്കിനിടയില്‍ പ്രാതല്‍ കഴിയ്ക്കാതിരിക്കുന്നത് പലരുടെയും ശീലമാണ്, രണ്ടു കൂടി ചേര്‍ത്ത് ഉച്ചയ്ക്ക് തട്ടുക, ഒട്ടും ശരിയാവില്ല, രാവിലെ നന്നായി ഭക്ഷണം കഴിയ്ക്കുക, ശരിക്കും പറഞ്ഞാല്‍ രാജതുല്യമായ പ്രാതല്‍ അതാണ് വേണ്ടത്. ഉച്ചയ്ക്കും കഴിയ്ക്കാം നന്നായിത്തന്നെ, പക്ഷേ വയര്‍ വല്ലതെ നിറച്ചുകഴിയ്ക്കണ്ട. 

രാത്രിയിലാവട്ടെ ഭക്ഷണപാത്രം കണ്ടാല്‍ ഒരു പാവപ്പെട്ടവന്റെ ലുക്ക് ആയിക്കോട്ടെ. വളരെ കുറച്ചുമതി, കനപ്പടി വേണ്ട, കഴിയുന്നതാവട്ടെ വേഗം ദഹിക്കുന്ന വസ്തുക്കളായാല്‍ നല്ലത്. അല്ലെങ്കില്‍ രാത്ര നിങ്ങള്‍ ഉറങ്ങിക്കഴിഞ്ഞും പാവം ശരീരത്തിന്റെ ദഹനേന്ദ്രിയം പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കും. വേവിക്കാത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ നാലുമണിയ്ക്കുശേഷം ഒഴിവാക്കാന്‍ ശ്രമിക്കുക. ഇവയുടെ ദഹനത്തിന് കൂടുതല്‍ സമയമെടുക്കുമെന്നതു തന്നെ കാരണം. ഇത് ചിലപ്പോള്‍ ദഹനക്കുറവിനും അതുവഴി പുളിച്ചുതികട്ടല്‍ ഉണ്ടാകാനും കാരണമാകും. എന്നാല്‍ ഇത് ശീലമാക്കിയവരില്‍ പ്രശ്‌നമുണ്ടാകാന്‍ ഇടയില്ല. 

ആറു മണി കഴിഞ്ഞാല്‍ ഒന്നും വേണ്ട

വൈകീട്ട് ആറു മണിയ്ക്കുമുമ്പ് ഡിന്നര്‍ അവസാനിപ്പിച്ചേയ്ക്കുക, പലര്‍ക്കും ഇത് ബുദ്ധിമുട്ടായിരിക്കും. ആറുമണിയെന്നത് ആദ്യകാലത്ത് എട്ടുമണി, പിന്നീട്, ഏഴര, വീണ്ടും ഏഴ് എന്നിങ്ങനെ കുറച്ചുകൊണ്ടുവരുക, വിചാരിച്ചാല്‍ കഴിയാത്തതായി എന്തുണ്ട്. 

ഇത് ശീലമായിക്കഴിഞ്ഞാല്‍ ആറുമണി കഴിഞ്ഞ് പാത്രം നിറച്ച് ഭക്,ണം കാണുമ്പോള്‍ത്തന്നെ അസ്വസ്ഥതയുണ്ടാവുന്ന അവസ്ഥയില്‍ എത്താന്‍ കഴിയുമെന്നതില്‍ സംശയമില്ല. രാത്രിയില്‍ ശരീരത്തെ വിശ്രമത്തിന് വിടാന്‍ വേണ്ടിയാണ് ആറിന് ശേഷം ഭക്ഷണം വേണ്ടെന്ന് പറയുന്നത്. 

തിരക്കിനിടെ ഭക്ഷണം വേണ്ട

തിരക്കുകള്‍ക്കിടയില്‍ ഓടിനടന്ന് മറ്റ് പണി ചെയ്യുന്നതിനിടയില്‍ ഭക്ഷണം വാരിവലിച്ചുകഴിയ്ക്കുന്ന ശീലം ഒഴിവാക്കുക. ഒപ്പം മാനസിക സമ്മര്‍ദ്ദമുള്ളപ്പോഴും ഭക്ഷണം മാറ്റിവയ്ക്കുക. ഈ സമയത്തുള്ള കഴിപ്പും ദഹനത്തെയാണ് ബാധിക്കുക, പിന്നാലെ പലതരം ഉദരരോഗങ്ങള്‍ വന്നുപെടുകയും ചെയ്യും. 

ദിവസവും നടക്കാം


അകത്താക്കുന്ന കലോറിയെ ചെറുതായൊന്ന് കത്തിയ്ക്കാന്‍ ദിവസവും ഒരു അരമണിക്കൂര്‍ നല്ല കിടിലന്‍ ഒറു നടത്തമാകാം, നിരപ്പായ സ്ഥലത്തുകൂടി, ഒരേവേഗത്തില്‍ കൃത്യസമയം നടന്നുശീലിയ്ക്കുക, ശരീരം നന്നായൊന്ന് വിയര്‍ത്തുവെങ്കില്‍ കലോറി കത്തിയെന്നര്‍ത്ഥം, ഇത് നിര്‍ത്താതെ തുടരുക.

നിറപ്പകിട്ടുള്ള പച്ചക്കറികള്‍


നല്ല കടും പച്ചയും ചുവപ്പും നിറത്തിലുള്ള പച്ചക്കറികള്‍ ധാരാളമായി കഴിയ്ക്കുക. ഇവയിലടങ്ങിയ ആന്റിഓക്‌സിഡന്റ്‌സ് ശരീരത്തിലെ കലകളെ സംരക്ഷിക്കും.




മൊബൈല്‍ രോഗാണുവിന്റെ കൂടാരം!

മൊബൈല്‍ രോഗാണുവിന്റെ കൂടാരം!മൊബൈല്‍ ഫോണ്‍ കയ്യിലില്ലാതെ ജീവിക്കുന്നകാര്യത്തെക്കുറിച്ച് ഓര്‍ക്കാന്‍ കഴിയുമോ, ഒരു ജീവിതം പോയിട്ട് സെക്കന്റ് നേരം പോലും മൊബൈല്‍ മാറ്റിവയ്്ക്കാന്‍ കഴിയാത്തവരാണ് നമ്മള്‍. 

പുതിയ പുതിയ മോഡലുകളും മറ്റും നോക്കി പുതിയ ഫോണുകള്‍ സ്വന്തമാക്കാന്‍ എല്ലാവര്‍ക്കും തിടുക്കവുമാണ്. എന്നാല്‍ മൊബൈലിനെക്കുറിച്ച് കേള്‍ക്കാന്‍ അത്ര സുന്ദരമല്ലാത്ത ഒരു വാര്‍ത്തയിതാ. 

ഗമയും സ്റ്റാറ്റസുമൊക്കെ തരുമെങ്കിലും വൃത്തിയുടെ കാര്യത്തില്‍ മൊബൈല്‍ ഫോണുകള്‍ അത്ര കേമന്മാരല്ലെന്നാണ് ഒരു പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ടോയ്‌ലറ്റ് ഫ്‌ളഷിന്റെ പിടിയിലുള്ളതിനെക്കാള്‍ 18 മടങ്ങ് അധികം കീടങ്ങളാണു മൊബൈല്‍ ഫോണ്‍ ഹാന്‍ഡ് സെറ്റുകളില്‍ കുടിയിരിക്കുന്നതത്രേ.

ഇതില്‍ 25% തീരെ വൃത്തിയില്ലാത്തവയാണ് അഥവാ, അനുവദനീയമായ ബാക്ടീരിയ അളവിനെക്കാള്‍ പത്തു മടങ്ങെങ്കിലും മുകളിലുള്ളവയാണിത്. മറ്റു കീടങ്ങള്‍ക്കു പെറ്റുപെരുകാനുള്ള അവസരവും ഇത് ഒരുക്കുന്നു.

ബ്രിട്ടനിലെ 6.3 കോടി മൊബൈല്‍ ഫോണ്‍ ഹാന്‍ഡ് സെറ്റുകളില്‍ 1.47 കോടിയും ആരോഗ്യത്തിനു ഹാനികരമാം വിധം കീടങ്ങളുടെ കൂടാരമാണെന്നു ബ്രിട്ടിഷ് ഗവേഷകരുടെ പഠനത്തില്‍ പറയുന്നു.

വൈബ്‌സൈറ്റുകളുടെ വേഗം കൂട്ടാന്‍ ഗൂഗിള്‍ സങ്കേതം

വൈബ്‌സൈറ്റുകളുടെ വേഗം കൂട്ടാന്‍ ഗൂഗിള്‍ സങ്കേതം

സൈറ്റുകളുടെ കുറഞ്ഞ വേഗം ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ സ്ഥിരം തലവേദനയാണ്. പല സൈറ്റുകളുടെ ലോഡ് ചെയ്തുവരാന്‍ സമയമെടുക്കും. വ്യക്തികളുടെയും ചെറുകിട കമ്പനികളുടെയും വെബ്‌സൈറ്റുകളാണ് ഈ ദുര്‍വിധി നേരിടുന്നതില്‍ ഏറെയും. കൂടുതല്‍ പേര്‍ ഒരേ സമയം ഉപയോഗിക്കുമ്പോഴും പലവെബ്‌സൈറ്റുകളും മെല്ലെയാകുന്നു. ഉപഭോക്താക്കളെയും വെബ് ഉടമകളെയും ഒരേപോലെ കുഴയ്ക്കുന്ന പ്രശ്‌നമാണിത്.

വെബ്‌സെര്‍വ്വറുകളിലാണ് സൈറ്റിന്റെ വിവരങ്ങള്‍ സൂക്ഷിക്കുന്നത്. സെര്‍വറിലെ സംഭരണസ്ഥലം വര്‍ധിപ്പിക്കുകയാണ് വെബ്‌സൈറ്റുകള്‍ മെല്ലെയാകുന്നത് തടയാനുള്ള ഒരു മാര്‍ഗം. അതുപോലെ ഒന്നിലധികം സെര്‍വ്വറുകള്‍ ഉപയോഗിച്ചും ഒരുപരിധി വരെ ഈ പ്രശ്‌നം പരിഹരിക്കാം. പക്ഷേ, ഇതെല്ലാം അധിക ചെലവ് വരുന്ന സംഗതിയാണ്.

എന്നാല്‍, ചെലവ് വര്‍ധിപ്പിക്കാതെ ഈ പ്രശ്‌നത്തിന് ഗൂഗിള്‍ ഒരു പരിഹാരം അവതരിപ്പിച്ചിരിക്കുന്നു. 'മോഡ്്_പേജ്‌സ്്പീഡ്്' (mode_pagespeed) എന്ന സോഫ്ട്‌വേറാണ് ആ പരിഹാരം. വെബ്‌സൈറ്റുകളുടെ വേഗം ഇരട്ടിയിലധികം വര്‍ദ്ധിപ്പിക്കാന്‍ ഈ സോഫ്ട്‌വേര്‍ സഹായിക്കുമെന്ന് ഗൂഗിള്‍ പറയുന്നു. അപാഷേ വെബ് സെര്‍വറുകളില്‍ (Apache Web server) വെബ്‌സൈറ്റ് ഉടമകള്‍ക്ക് നേരിട്ട് തന്നെ ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന ഈ സോഫ്ട്‌വേര്‍ തികച്ചും സൗജന്യമാണ്.

വെബ്‌സൈറ്റിലെ ചിത്രങ്ങളടക്കമുള്ള വിവരങ്ങള്‍ ഞെരുക്കിയമര്‍ത്തി കൂടുതല്‍ സ്ഥലം ലഭ്യമാക്കിയും വേഗം കൂട്ടാനുള്ള മറ്റു മാറ്റങ്ങള്‍ നടത്തിയുമാണ് ഈ സോഫ്ട്‌വേര്‍ പരമാവധി വേഗം സാധ്യമാക്കുന്നത്. വെബ്‌സൈറ്റിന്റെ വേഗം കൂട്ടാനുള്ള സാങ്കേതികവിദ്യ കൈവശമില്ലാത്ത വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അനുഗ്രഹമായിരിക്കും ഈ സോഫ്ട്‌വേര്‍.

വെബ്‌സൈറ്റുകളുടെ വേഗത്തെപ്പറ്റിയും കുറഞ്ഞ വേഗത്തിന്റെ കാരണങ്ങളെപ്പറ്റിയും വിവരം നല്‍കുന്ന 'പേജ് സ്​പീഡ്' (Page Speed) എന്ന ഒരു സോഫ്ട്‌വേര്‍ ഉപകരണം ഗൂഗിള്‍ നേരത്തെ തന്നെ അവതരിപ്പിച്ചിരുന്നു. വെബ്‌സൈറ്റുള്‍ക്ക് കൂടുതല്‍ വേഗം കിട്ടാന്‍ എന്താക്കെ ചെയ്യണമെന്നുള്ള നിര്‍ദ്ദേശവും ഈ ടൂള്‍ നല്‍കിയിരുന്നു.

പുതിയ സോഫ്ട്‌വേറിന്റെ പ്രോജക്ട് മേധാവിയായ റിച്ചാര്‍ഡ് റാബിറ്റിന്റെ അഭിപ്രായത്തില്‍ 'മറ്റുള്ള വെബ്‌സൈറ്റുകളുടെ വേഗക്കുറവിന്റെ കാരണങ്ങള്‍ പറയുന്നതിനേക്കാള്‍ എന്തുകൊണ്ട് നമുക്കുതന്നെ ഇതു പരിഹരിച്ചുകൂടാ എന്നുള്ള ആലോചനയില്‍നിന്നാണ് പുതിയ സോഫ്ട്‌വേര്‍ (mode_pagespeed) രൂപം കൊണ്ടത്. മാത്രമല്ല ഗൂഗിളിന്റെ സേവനങ്ങള്‍ കൂടുതല്‍ ഉപയോഗിക്കാന്‍ ഇത് അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ വെബ് ഹോസ്റ്റിങ് നടത്തുന്ന അല്ലെങ്കില്‍ സെര്‍വര്‍ സേവനം നല്‍കുന്ന മറ്റ് പ്രധാനകമ്പനികളുമായും ഈ സോഫ്ട്‌വേര്‍ ഉപയോഗിക്കാനായി ഗൂഗിള്‍ ധാരണ ഉണ്ടാക്കുന്നുണ്ട്. വെബ് ഹോസ്റ്റിങ് കമ്പനികള്‍ ഇത് നേരിട്ട് സെര്‍വറുകളില്‍ ഉപയോഗിച്ചാല്‍ വെബ്‌സൈറ്റുകള്‍ക്ക്് സ്വാഭാവികമായും കൂടുതല്‍ വേഗം കൈവരും.

പ്രമുഖ വെബ്‌ഹോസ്റ്റിങ് കമ്പനിയായ 'ഗോഡാഡി' (GoDaddy) തങ്ങളുടെ സര്‍വ്വറുകളില്‍ ഗൂഗിളിന്റെ പുതിയ സോഫ്ട്‌വേര്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കുറഞ്ഞ ചെലവില്‍ വെബ്‌സൈറ്റുകള്‍ക്ക് പരമാവധി വേഗവും കാര്യക്ഷമതയും ഉണ്ടാക്കാന്‍ ഗൂഗിളിന്റെ പുതിയ സോഫ്ട്‌വേര്‍ സഹായിക്കുമെന്ന് ഗോഡാഡി മേധാവി വാറന്‍ അദെല്‍മാന്‍ പറയുന്നു.

വെബ് സൈറ്റുകളുടെ വേഗം വര്‍ദ്ധിപ്പിക്കാനുള്ള ഗവേഷണത്തിന്റെ ഫലമായി മറ്റു പല നേട്ടങ്ങളും ഗൂഗിളിന് ഉണ്ടായിട്ടുണ്ട്. ഗൂഗിളിന്റെ പുതിയ ക്രോം പതിപ്പ് ഇങ്ങനെ ഉണ്ടായതാണ്. പുതിയ ക്രോം മറ്റുള്ള ബ്രൗസറുകളെ അപേക്ഷിച്ച് കൂടുതല്‍ വേഗതയുള്ളതാണ്. മാത്രമല്ല അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ ഹൈ-സ്​പീഡ് ബ്രോഡ്ബാന്റ് സേവനവും ഗൂഗിള്‍ ഇപ്പോള്‍ നല്‍കുന്നുണ്ട്.

ഈ സേവനത്തിന് മുന്നിലും ഗൂഗിളിന് വ്യക്തമായ സാമ്പത്തിക ലക്ഷ്യങ്ങളുണ്ട്. വെബ് സൈറ്റുകളുടെ വേഗം കൂടുമ്പോള്‍ കൂടുതല്‍ ആളുകള്‍ കൂടുതല്‍ സമയം ഇന്റര്‍നെറ്റില്‍ ചെലവഴിക്കും. അതിന്റെ ഫലമായി കൂടുതല്‍ പരസ്യം ജനങ്ങളിലേക്കെത്തിക്കാന്‍ ഗൂഗിളിന് കഴിയും. ഗൂഗിളിന്റെ പ്രധാന വരുമാന മാര്‍ഗ്ഗം പരസ്യമാണ്.

വെബ്‌സെര്‍വറുകള്‍:
നിങ്ങള്‍ ഒരുവെബ്‌സൈറ്റ് രജിസ്റ്റര്‍ ചെയ്യുന്നതോടൊപ്പം ആ സൈറ്റിലെ വിവരങ്ങള്‍ സൂക്ഷിക്കാനാവശ്യമായ സ്ഥലവും സ്വന്തമാക്കേണ്ടതുണ്ട്. ലോകത്തിന്റെ വിവിധ കോണുകളില്‍ കിടക്കുന്ന സെര്‍വറുകളിലാണ് സൈറ്റിന്റെ വിവരങ്ങള്‍ സൂക്ഷിക്കുന്നത്. സുരക്ഷാസംവിധാനങ്ങളോടെ വിവരങ്ങള്‍ സെര്‍വറുകളില്‍ സൂക്ഷിക്കപ്പെടുന്നു. ലോകത്തിന്റെ ഏതുഭാഗത്തും സൈറ്റ് ലഭ്യമാകുന്നത് ഈ സെര്‍വറുകള്‍ വഴിയാണ്. പ്രധാന സൈറ്റുകളെല്ലാം തങ്ങളുടെ വിവരങ്ങള്‍ സൂക്ഷിക്കാന്‍ ഒന്നിലധികം സെര്‍വറുകളുടെ സേവനം തേടാറുണ്ട്. ഒരു സെര്‍വറിന് തകരാര്‍ പറ്റിയാലും സൈറ്റ് മുടങ്ങാതിരിക്കാന്‍ ഇത് സഹായിക്കും. സാധാരണഗതിയില്‍ വെബ്‌സെര്‍വറുകളുടെ സേവനം നല്‍കുന്ന കമ്പനികളെയാണ് വെബ്‌ഹോസ്റ്റിങ് കമ്പനികളെന്ന് വിളിക്കാറുള്ളത്

ഇനി നമുക്കും ഫിറ്റ് ആവാം

ഇനി നമുക്കും ഫിറ്റ് ആവാം
 രോഗ്യകരമായ ജീവിതത്തിന്റെ പുതിയ മുഖമാണ് ഫിറ്റ്‌നസ്. കൊഴുപ്പടിഞ്ഞ് തടിച്ചു ചീര്‍ത്ത ശരീരവും കുടവയറുമൊക്കെ അപരിഷ്‌കൃതമാണെന്ന ധാരണ വളരെ വേഗം വ്യാപിക്കുകയാണ്. നഗരവാസികള്‍ക്കിടയില്‍ മാത്രമുണ്ടായിരുന്ന ഫിറ്റ്‌നസ് സങ്കല്പത്തിന് ഇപ്പോള്‍ ഗ്രാമനഗര ഭേദമില്ല. ഓട്ടവും നടപ്പും മറ്റു വ്യായാമങ്ങളും നിത്യശീലമാക്കുന്നവരുടെ എണ്ണം നാള്‍തോറും വളരുകയാണ്. ചെറിയ പട്ടണങ്ങളില്‍ പോലും ഹെല്‍ത്ത് ക്ലബ്ബുകളും ഫിറ്റ്‌നെസ് സെന്ററുകളും വന്നു കൊണ്ടിരിക്കുന്നു.

ലോകാരോഗ്യസംഘടനയുടെ, 1986 ലെ ഒട്ടാവ ചാര്‍ട്ടര്‍ അനുസരിച്ച്, ആരോഗ്യം എന്നത് രോഗങ്ങളില്ലാതെ ജീവന്‍ നിലനിര്‍ത്തുക എന്നതിനപ്പുറം, ശാരീരികവും വ്യക്തിപരവും സാമൂഹികവുമായ ശേഷികളെ തികച്ചും പോസിറ്റീവ് ആയി പരിപാലിക്കുന്ന അവസ്ഥയാണ്. എന്നാല്‍ ഫിറ്റ്‌നെസ് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് സാങ്കേതികമായി കുറച്ചു കൂടി കൃത്യതയുള്ളൊരു കാര്യമാണ്. ഒരാളുടെ ആരോഗ്യം അളന്നു നോക്കല്‍ അത്രയെളുപ്പമല്ല. എന്നാല്‍ ഫിറ്റ്‌നെസ് അളന്നുനോക്കാന്‍ കൃത്യതയുള്ള ചില മാനദണ്ഡങ്ങളുണ്ട്. ഫിറ്റ്‌നെസ് എന്നു പറയുമ്പോള്‍ പൊതുവെ ഉദ്ദേശിക്കുന്നത് ശാരീരികമായ ഫിറ്റ്‌നെസ് തന്നെ. ഇപ്പോള്‍ മാനസികവും വൈകാരികവുമായ ഫിറ്റ്‌നെസ്‌നെക്കുറിച്ചുള്ള സങ്കല്പനങ്ങള്‍ കൂടി ശക്തി പ്രാപിച്ചു വരുന്നുണ്ട്. ആരോഗ്യമുള്ളയാള്‍ എന്നതിനപ്പുറം നല്ല ചുറുചുറുക്കും ശാരീരികശേഷിയും സ്റ്റാമിനയും പ്രസരിപ്പുമൊക്കെയുള്ളയാളാണ് ശരിക്കും 'ഫിറ്റ്' ആയിരിക്കുന്നത്. എല്ലാ സമയത്തും നല്ല ഉന്മേഷത്തോടെ 'റെഡി' ആയിരിക്കുന്ന അവസ്ഥ. 

വ്യായാമം രണ്ടു തരം


വ്യായാമങ്ങളെ പൊതുവെ ശ്വസനസഹായ വ്യായാമങ്ങള്‍ എന്നും ശ്വസനനിയന്ത്രണ വ്യായാമങ്ങള്‍ എന്നും രണ്ടായി തിരിക്കാം. ഓട്ടം,സൈക്കിളിങ്, നീന്തല്‍,നൃത്തം തുടങ്ങിയവയൊക്കെ ശ്വസന സഹായവ്യായാമങ്ങള്‍ അഥവാ എയറോബിക് വ്യായാമങ്ങളാണ്. ഈ വ്യായാമങ്ങള്‍ ചെയ്യുന്ന സമയത്ത് ശ്വാസോച്ഛ്വാസം കൂടുകയേ ചെയ്യൂ. ശ്വാസം പിടിച്ച് ചെയ്യുന്ന ഭാരംപൊക്കല്‍, വെയിറ്റ് ട്രെയിനിങ്, പുഷ് അപ്, പുള്‍ അപ് തുടങ്ങിയവയൊക്കെ ശ്വസന നിയന്ത്രണ വ്യായാമങ്ങള്‍ അഥവാ അനെയറോബിക് വ്യായാമങ്ങളാണ്. കൊഴുപ്പ് കുറയ്ക്കുന്നതിനും ശ്വാസകോശങ്ങളുടെയും ഹൃദയത്തിന്റെയും ശേഷി മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നവയാണ് എയറോബിക് വ്യായാമങ്ങള്‍. മസില്‍ വലുതാക്കുകയും മസില്‍ദൃഢത കൂട്ടുകയും ചെയ്യുന്നവയാണ് അനെയറോബിക് വ്യായാമങ്ങള്‍. മുമ്പ് ജിംനേഷ്യങ്ങളില്‍ അനെയറോബിക് വ്യായാമങ്ങള്‍ക്കായിരുന്നു പ്രാധാന്യം നല്‍കിയിരുന്നത്. എന്നാലിപ്പോഴാകട്ടെ എയറോബിക് വ്യായാമങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിവരുന്നു. 
വര്‍ക്ക് ഔട്ട്

വ്യായാമം അല്ലെങ്കില്‍ 'എക്‌സര്‍സൈസ്' എന്നതിന്റെ സ്ഥാനത്ത് ഇന്നുപയോഗിക്കുന്നത് വര്‍ക്ക്ഔട്ട് എന്ന പ്രയോഗമാണ്. നിശ്ചിത അളവ് കൊഴുപ്പ് ഉപയോഗിച്ചു തീര്‍ക്കാനായി നിശ്ചിത അളവില്‍ വ്യായാമം ചെയ്യുക, ഓരോ മസിലുകള്‍ക്കും ദൃഢതയും ശേഷിയുമുണ്ടാവാനായി ചിട്ടപ്പെടുത്തിയ എക്‌സര്‍സൈസ് പാറ്റേണുകള്‍ സ്വീകരിക്കുക എന്നിവയാണ് 'വര്‍ക്ക് ഔട്ട്' എന്നതു കൊണ്ടുദ്ദേശിക്കുന്നത്. കൂടുതല്‍ ചിട്ടപ്പെടുത്തിയതും കൃത്യതയുള്ളതും പ്രത്യേകലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുന്നതുമായ വ്യായാമക്രമമാണ് 'വര്‍ക്ക് ഔട്ട്.'

ജിംനേഷ്യങ്ങള്‍ മാറുന്നു

ആണുങ്ങളുടെ ശരീരശേഷിയും സൗന്ദര്യവും വര്‍ധിപ്പിക്കുന്നതിനായി ജിംനേഷ്യങ്ങള്‍ സ്ഥാപിച്ച് പരിശീലനം നടത്തുന്ന സമ്പ്രദായത്തിന് ആയിരക്കണക്കിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ആ പഴയ ജിംനേഷ്യങ്ങളുടെ ആധുനികരൂപമാണ് ഹെല്‍ത്ത് ക്ലബ്ബുകള്‍. 1975-85 കാലത്ത് കേരളത്തിലും ജിംനേഷ്യങ്ങള്‍ വ്യാപകമായിരുന്നു. മസില്‍ പെരുപ്പിക്കലായിരുന്നു അന്നത്തെ മുഖ്യപരിപാടി. ബോഡി ബില്‍ഡിങ്ങാണ് അവിടെ മുഖ്യമായും നടന്നിരുന്നത്. വെയിറ്റ് ട്രെയിനിങ് ഉള്‍പ്പെടെയുള്ള ശ്വസനനിയന്ത്രണ(അനെയറോബിക്) വ്യായാമങ്ങള്‍ക്കായിരുന്നു പ്രാധാന്യം. ശ്വാസം പിടിച്ചു കൊണ്ടുള്ള അത്തരം വ്യായായമങ്ങള്‍ പൊതുവേ ആരോഗ്യത്തിന് നന്നല്ല എന്ന് തിരിച്ചറിഞ്ഞതോടെ ജിംനേഷ്യത്തില്‍ പോകുന്നത് ആരോഗ്യകരമല്ല എന്ന് പൊതുസമൂഹം മനസ്സിലാക്കി. ഒരു കാലത്ത് ചെറുപ്പക്കാര്‍ക്ക് ഹരമായിരുന്ന ജിംനേഷ്യങ്ങള്‍ പലതും പൂട്ടിപ്പോവുകയും ചെയ്തു. പിന്നീട് 21-ാം നൂറ്റാണ്ടിന്റെ തുടക്കത്തോടെയാണ് ഫിറ്റ്‌നെസ് എന്ന സങ്കല്പം നമ്മുടെ നാട്ടിലെ പട്ടണങ്ങളിലേക്കുകൂടി എത്തുന്നത്.

ഇപ്പോള്‍ ജിംനേഷ്യങ്ങള്‍ മിക്കതും ഫിറ്റ്‌നെസ് സെന്ററുകളോ ഹെല്‍ത് ക്ലബ്ബുകളോ ആയി മാറിക്കഴിഞ്ഞു. വ്യായാമത്തിന്റെ രീതി, ലക്ഷ്യം തുടങ്ങിയ കാര്യങ്ങളിലൊക്കെ ഫിറ്റ്‌നെസ് സെന്ററുകളും പഴയ ജിംനേഷ്യങ്ങളും തമ്മില്‍ വ്യത്യാസങ്ങളുണ്ട്. മസില്‍ പെരുപ്പിച്ചു നടക്കുക എന്ന ലക്ഷ്യം ഉപേക്ഷിച്ചതാണ് ഈ മാറ്റങ്ങളില്‍ ഏറ്റവും പ്രധാനം. ചുറുചുറുക്കിന്റെയും ആരോഗ്യജീവിതത്തിന്റെയും കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു ഫിറ്റ്‌നെസ് സെന്ററുകള്‍.

ജിംനേഷ്യത്തില്‍ പോകുന്നത് അപകടകരമോ

ശ്വസന സഹായ വ്യായാമങ്ങള്‍ മാത്രമേ ചെയ്യാന്‍ പാടുള്ളൂ എന്നും ശ്വസന നിയന്ത്രണ വ്യായാമങ്ങള്‍ ചെയ്യുന്നത് അപകടകരമാണെന്നും ഒരു ധാരണ നമ്മുടെ സമൂഹത്തില്‍ പ്രബലമായുണ്ട്. വ്യായാമത്തിന്റെ കാര്യം ഏറ്റവും പ്രാധാന്യത്തോടെ പറഞ്ഞിരുന്നത് ഹൃദ്രോഗത്തിന്റെ കാര്യത്തിലാണ്. ഹൃദയത്തി നും ശ്വാസകോശങ്ങള്‍ക്കും കൂടുതല്‍ ശേഷി പകരുന്നത് കാര്‍ഡിയോ വാസ്‌കുലാര്‍ വ്യായാമങ്ങള്‍ അ ഥവാ എയറോബിക് വ്യായാമങ്ങളാണ്. അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനം നടത്തം തന്നെ.

ശ്വാസം പിടിച്ചുള്ള വ്യായാമങ്ങള്‍ ഹൃദ്രോഗികള്‍ക്ക് അത്ര നല്ലതുമല്ല. അതിനാല്‍ മുന്‍കാലങ്ങളില്‍ ശ്വസനനിയന്ത്രണവ്യായാമങ്ങള്‍ വിലക്കുക പതിവായിരുന്നു. ജിംനേഷ്യങ്ങളില്‍ പോകുന്നവരാകട്ടെ കഠിനവ്യായാമങ്ങള്‍ ചെയ്യുകയും അമിത ഭക്ഷണവും പ്രോട്ടീന്‍ പൗഡറുകളുമൊക്കെ കഴിക്കുകയും ചെയ്തിരുന്നു. ബോഡിബില്‍ഡിങ് മാത്രമായിരുന്നു അവരുടെ ലക്ഷ്യം. അത്തരം ജിംനേഷ്യങ്ങളുടെ കാലം കഴിഞ്ഞു. ബോഡി ബില്‍ഡിങ് ഇപ്പോള്‍ ട്രെന്റ് അല്ല. ഫിറ്റ്‌നെസിനായി ജിംനേഷ്യത്തില്‍ പോയി വ്യായാമം ചെയ്യണം എന്ന് ഇപ്പോള്‍ നാം തിരിച്ചറിയുന്നു. ജിംനേഷ്യത്തില്‍ പോകാന്‍ താത്പര്യമില്ലാത്തവര്‍ക്ക് മസില്‍ മെച്ചപ്പെടുത്താനുള്ള വ്യായാമങ്ങള്‍ വീട്ടില്‍ത്തന്നെ ചെയ്യാനുമാവും.

ബോഡിബില്‍ഡിങ്ങും ഫിറ്റ്‌നസും


മസിലുകള്‍ പെരുപ്പിച്ച് ശരീരപ്രദര്‍ശനങ്ങള്‍ക്ക് ഒരുക്കുന്ന ഒരു മല്‍സരയിനം മാത്രമാണ് ബോഡിബില്‍ഡിങ്. അത് മിക്കപ്പോഴും ആരോഗ്യകരമല്ല. മസിലുകള്‍ക്ക് അമിതായാസം നല്‍കി അവയെ വലുതാക്കുകയാണ് ബോഡി ബില്‍ഡിങ്ങില്‍ ചെയ്യുന്നത്. മസിലുകള്‍ പ്രകടമാവുന്നതിനായി പ്രോട്ടീന്‍ പൗഡര്‍, ക്രിയാറ്റിനിന്‍ പൗഡര്‍ തുടങ്ങിയവ കഴിക്കുന്നതും ബോഡിബില്‍ഡര്‍മാരുടെ രീതിയാണ്. ഇവ ആരോഗ്യജീവിതത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. ബോഡി ബില്‍ഡര്‍മാര്‍ മസില്‍ വലുതാക്കുകയും ദൃഢമാക്കുകയും ചെയ്യുന്ന വ്യായാമങ്ങള്‍ക്ക് അമിതപ്രാധാന്യം നല്‍കുകയും എയറോബിക് വ്യായാമങ്ങള്‍, ഫ്‌ളെക്‌സിബിലിറ്റി വ്യായാമങ്ങള്‍ തുടങ്ങിയവയെ അവഗണിക്കുകയുമാണ് പതിവ്. 

എന്നാല്‍ ഫിറ്റ്‌നെസിനായി വ്യായാമം ചെയ്യുമ്പോള്‍ എയറോബിക് വ്യായാമങ്ങള്‍ക്കാണ് പ്രാധാന്യം. എ ല്ലാ മസിലുകള്‍ക്കും ദൃഢതയും ദീര്‍ഘക്ഷമതയും നല്‍കുക, ശരീരത്തിന് വേണ്ടത്ര വഴക്കമുണ്ടാക്കുക തുടങ്ങിയകാര്യങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം കല്പിക്കുന്നുമുണ്ട്. ബോഡിബില്‍ഡിങ് ശരീരത്തിന്റെ രൂപത്തിനുമാത്രം പ്രാധാന്യം നല്‍കുമ്പോള്‍ ഫിറ്റ്‌നെസ് ശാരീരികവും മാനസികവും രോഗപ്രതിരോധപരവുമായ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഒരു സമഗ്ര സമീപനമാണ്.

ഫിറ്റ്‌നസും പ്രായവും


കൗമാരത്തിലേക്കു കടക്കുന്ന ആണ്‍കുട്ടികളാണ് മുമ്പ് ജിംനേഷ്യങ്ങളിലേക്ക് പോകാറുണ്ടായിരുന്നത്. മസില്‍ പെരുപ്പിച്ച് ആണത്തത്തിന്റെ ഭാവങ്ങള്‍ പ്രകടിപ്പിക്കാനുള്ള ത്വരയാണ് ഇവരെ ജിംനേഷ്യങ്ങളിലേക്ക് ആകര്‍ഷിച്ചിരുന്നത്. അതു കഴിയുന്നതോടെ ഇത്തരം കൗതുകങ്ങള്‍ കുറഞ്ഞു തുടങ്ങും. പിന്നെ ജോലി നേടുന്നതിനും ജീവിതം കെട്ടിപ്പടുക്കുന്നതിനുമുള്ള ശ്രമങ്ങള്‍ക്കാവും പ്രാധാന്യം. പിന്നെയൊരു 30-34 വയസ്സുവരെ കാര്യമായി ഒരു വ്യായാമവും ചെയ്യില്ല. ഈയൊരു എട്ടു പത്തു വര്‍ഷം കൊണ്ട് അമിതഭക്ഷണവും വ്യായാമക്കുറവുമൊക്കെയായി ശരീരം ചീര്‍ത്ത് അനാരോഗ്യത്തിലേക്ക് എത്തിയിട്ടുണ്ടാവും. അപ്പോഴാണ് വ്യായാമം ചെയ്യണം എന്ന തോന്നല്‍ മിക്കവര്‍ക്കും വന്നു തുടങ്ങുക. 

നല്ലൊരു വിഭാഗം പേര്‍ക്കും ഇതിനകം കൊളസ്്‌ട്രോള്‍, പ്രമേഹം, രക്താതിമര്‍ദം തുടങ്ങി എന്തെങ്കിലും അസുഖങ്ങള്‍ കണ്ടെത്തിയിട്ടുമുണ്ടാവും. 32-45 പ്രായത്തിനിടെ ഭൂരിപക്ഷം പേരും എന്തെങ്കിലും വ്യായാമം ചെയ്യാന്‍ തുടങ്ങാറുണ്ട്. ഇതില്‍ ചുരുക്കം പേര്‍ മാത്രമേ വ്യായാമം മുടങ്ങാതെ കൊണ്ടുപോകാറുള്ളൂ. നടത്തം തുടങ്ങുകയാണ് ബഹുഭൂരിപക്ഷം പേരുടെയും രീതി. ചുരുക്കം ചിലര്‍ യോഗാഭ്യാസം പോലുള്ള വ്യായാമരീതികള്‍ സ്വീകരിക്കുന്നു. നടത്തം,ജോഗിങ് തുടങ്ങിയ വ്യായാമങ്ങളൊക്കെ ഹൃദയത്തിന്റെയും ശ്വാസകോശങ്ങളുടെയും പ്രവര്‍ത്തനശേഷി മെച്ചപ്പെടുത്തുന്നവയാണ്. യോഗയില്‍ ശരീരത്തിന്റെ വഴക്കം കൂടുകയും ചെയ്യും. 

ഫിറ്റ്‌നെസ് നേടാനുള്ള പരിശ്രമങ്ങള്‍ കുട്ടിക്കാലത്തുതന്നെ തുടങ്ങണം. സ്‌കൂള്‍കുട്ടികള്‍ക്ക് നിത്യവും ഒരു മണിക്കൂറെങ്കിലും ഓടിക്കളിക്കാന്‍ അവസരം കൊടുക്കണം. കുട്ടികള്‍ക്ക് പ്രത്യേക വ്യായാമ പാക്കേജുകള്‍ നല്‍കുന്നതിനെക്കാള്‍ നല്ലത് വേണ്ടത്ര ഓടിച്ചാടി കളിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. 

രോഗമകറ്റാന്‍ വ്യായാമങ്ങള്‍


എയറോബിക് വ്യയാമങ്ങള്‍ മാത്രമേ ചെയ്യാവൂ എന്ന പഴയ കാഴ്ചപ്പാടില്‍നിന്ന് വൈദ്യശാസ്ത്രം ഏറെ മുന്നോട്ടു പോയിക്കഴിഞ്ഞു.ആകെ വ്യായാമത്തിന്റെ 10 മുതല്‍ 30 ശതമാനം വരെ അനെയറോബിക് വ്യായാമങ്ങളും വേണം എന്നതാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. മസിലുകള്‍ക്ക് ദൃഢതയും വലിപ്പവുമുണ്ടാവണം. പ്രമേഹം, നടുവേദന, ഉപാപചയരോഗങ്ങള്‍, കൊളസ്‌ട്രോള്‍,ഹൃദ്രോഗം, ഉദരാര്‍ബുദം തുടങ്ങിയ പല രോഗങ്ങളും വരാതിരിക്കാനും അവയുടെ ചികിത്സയിലും ഈ വ്യായാമങ്ങള്‍ സഹായകമാണെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഹൃദ്രോഗം, രക്താതി മര്‍ദം തുടങ്ങിയ പ്രശ്‌നങ്ങളുളളവര്‍ ഡോക്ടറുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചു മാത്രമേ വ്യായാമങ്ങള്‍ ചിട്ടപ്പെടുത്താവൂ.

നിത്യ വ്യായാമം ആയാസമില്ലാതെ

         ഏതുവിധത്തിലായാലും ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ചെയ്തിരിക്ക ണം. അതിനുള്ള ചില എളുപ്പവഴികളാണിവിടെ.

സര്‍വസാധാരണമായ ഗ്യാസ്ട്രബിള്‍, ശരീരവേദനകള്‍ എന്നിവ മുതല്‍ ഹൃദ്രോഗങ്ങളും സ്‌ട്രോക്കും കാന്‍സറുകളും വരെ തടഞ്ഞു നിര്‍ത്താന്‍ സഹായിക്കുന്ന ഏറ്റവും നല്ല വഴിയാണ് വ്യായാമശീലം. ശ്വസനസഹായ വ്യായാമങ്ങള്‍ക്കാണ് എപ്പോഴും പ്രാധാന്യം നല്‍കേണ്ടത്. അതോടൊപ്പം വെയിറ്റ് ട്രെയിനിങ് പോലുള്ള വ്യായാമങ്ങളും ഒരളവുവരെ സ്വീകരിക്കേണ്ടതാണെന്നാണ് ഇപ്പോ ഴത്തെ കാഴ്ചപ്പാട്. 

നല്ലനടപ്പ്

സാധാരണക്കാരെ സംബന്ധിച്ചാണെങ്കില്‍ ഏറ്റവും നല്ല വ്യായാമം നടത്തം തന്നെ. നിത്യവും അരമണിക്കൂറെങ്കിലും സാമാന്യം വേഗത്തില്‍ നടക്കണം. ഹൃദയമിടിപ്പ് നിശ്ചിത തോതുവരെ ഉയരുന്ന തരത്തിലുള്ള വ്യായാമം വേണം. ഇങ്ങനെ ഉയര്‍ന്ന ഹൃദയമിടിപ്പ് 20 മിനിറ്റുനേരമെങ്കിലും നില്‍ക്കുമ്പോഴാണ് കൊളസ്‌ട്രോള്‍ എരിയുക തുടങ്ങി വ്യായാമത്തിന്റെ ശരിയായ പ്രയോജനങ്ങള്‍ കിട്ടിത്തുടങ്ങുന്നത്. രാവിലെയാണെങ്കില്‍ ഉറക്കമുണര്‍ന്ന് അധികം വൈകാതെ ഒരുഗ്ലാസ്സ് വെള്ളം കുടിച്ച ശേഷം നടക്കുന്നതാണ് നല്ലത്. പ്രമേഹം പോലുള്ള പ്രശ്‌നങ്ങളില്ലാത്തവര്‍ക്ക് ഒരു ഗ്ലാസ്സ് പഴച്ചാറു കുടിച്ചശേഷം നടക്കാവുന്നതാണ്.

ആദ്യത്തെ മൂന്നു നാലുമിനിറ്റ് പതുക്കെ നടന്ന് വേഗം വര്‍ധിപ്പിച്ച് ഏതാണ്ട് 20-22 മിനിറ്റ് സാമാന്യം നല്ല വേഗത്തില്‍ നടന്ന് വീണ്ടും പതുക്കെ വേഗം കുറച്ച് നടത്തം നിര്‍ത്തുകയാണ് വേണ്ടത്.തല ഉയര്‍ത്തിപ്പിടിച്ച് അല്പം ദൂരെ കാഴ്ചയുറപ്പിച്ച് നിവര്‍ന്ന് നടക്കണം. 

എയ്‌റോബിക് ഡാന്‍സ്

രാവിലെ പുറത്തിറങ്ങി നടക്കാന്‍ കഴിയാത്തവര്‍ക്കും സ്ത്രീകള്‍ക്കുമൊക്കെ പ്രിയപ്പെട്ട മറ്റൊരു വ്യായാമമുറയാണ് എയ്‌റോബിക് ഡാന്‍സ്. വീട്ടില്‍ത്തന്നെ മുറിയടച്ചിട്ടിരുന്ന് എയ്‌റോബിക് ഡാന്‍സ് നടത്താനാവും. വളരെ എളുപ്പത്തില്‍ ശീലിക്കാവുന്നതുമാണിത്.

സ്‌ട്രെസ്സും ടെന്‍ഷനുമകറ്റുന്നതിനുള്ള ഏറ്റവും നല്ലൊരു വഴികൂടിയാണ് എയ്‌റോബിക് ഡാന്‍സ്. മുറിയടച്ചിട്ടു ചെയ്യാം എന്നതിനാല്‍ മനസ്സിന് എല്ലാത്തരത്തിലും അയവു നല്‍കാനും ശരീരം തികച്ചും സ്വതന്ത്രമായി തോന്നും പോലെ ചലിപ്പിക്കാനുമാവും. 

ലഘുയോഗ



മുതിര്‍ന്നയാളുകള്‍ക്ക് പൊതുവേ ഇഷ്ടപ്പെടുന്നത് ചെറിയതരത്തിലുള്ള യോഗമുറകളായിരിക്കും. കഠിനപരിശീലനത്തിലൂടെ യോഗമുറകള്‍ പഠിച്ചിട്ടു ചെയ്യാനൊന്നും കാത്തു നില്‍ക്കേണ്ടതില്ല. സാധാരണമായി നാം ചെയ്യുന്ന പല ലഘുവ്യായാമങ്ങളും യോഗയിലെ ലഘുവായ ആസനങ്ങള്‍ തന്നെയാണ്. പാദഹസ്താസനം, പാര്‍ശ്വത്രികോണാസനം, പശ്ചിമോത്താനാസനം തുടങ്ങിയവയൊക്കെ പ്രത്യേകിച്ച് പരിശീലനമൊന്നുമില്ലാതെ തന്നെ ചെയ്യാവുന്നവയാണ്.

പാദഹസ്താസനം:
 നിവര്‍ന്നു നിന്ന് കൈകള്‍ മുകളിലേക്ക് ഉയര്‍ത്തി പിടിക്കുക. മുന്നോട്ടു കുനിഞ്ഞ് കാല്‍മുട്ടു വളയാതെ പാദങ്ങളില്‍ തൊടുക. ഇതേ തരത്തില്‍ 10 തവണ ചെയ്യുക.

പാര്‍ശ്വത്രികോണാസനം:
 കാല്‍പ്പാദങ്ങള്‍ തെല്ലകത്തിവെച്ച് നിവര്‍ന്ന് നില്‍ക്കുക. കൈകള്‍ വശങ്ങളിലേക്ക് നീട്ടി നിവര്‍ത്തി പിടിക്കുക.മുന്നോട്ടു കുനിഞ്ഞ് ഇടതുകൈ കൊണ്ട് വലതുകാല്‍പ്പാദത്തില്‍ തൊടുക. ഈ സമയം വലതു കൈ മുകളിലേക്ക് ഉയര്‍ത്തി നിവര്‍ത്തി പിടിച്ചിരിക്കണം. വലതുകൈയുടെ അഗ്രത്തായിരിക്കണം നോട്ടം ഉറപ്പിക്കുന്നത്. അടുത്തതായി തിരിഞ്ഞ് വലതു കൈ കൊണ്ട് ഇടതുകാല്‍പ്പാദത്തില്‍ തൊടുക. ഇടതുകൈ ഉയര്‍ത്തിപ്പിടിച്ച് അതിനറ്റത്ത് നോട്ടം ഉറപ്പിക്കണം. ഇങ്ങനെ ഇരു കൈകളും മാറിമാറി 10 തവണ ചെയ്യുക.
പശ്ചിമോത്താനാസനം: കാലുകള്‍ ചേര്‍ത്ത് നീട്ടി ഇരിക്കുക. മുന്നോട്ടു കുനിഞ്ഞ് കൈകള്‍ നീട്ടി കാല്‍പ്പാദത്തില്‍ തൊടുക. നെറ്റി കാല്‍മുട്ടില്‍ തൊടാന്‍ ശ്രമിക്കാം. നിവര്‍ന്ന ശേഷം വീണ്ടും ഇതേ പോലെ ആവര്‍ത്തിക്കുക. 10 തവണ ചെയ്യുക.

ഭുജംഗാസനം:
 കമിഴ്ന്ന് നീണ്ടു കിടക്കുക. കൈകള്‍ കുത്തി നെഞ്ചും തലയും ഉയര്‍ത്തി നേരേ മുകളിലേക്ക് നോക്കുക. ദീര്‍ഘമായി ശ്വസിച്ചശേഷം വീണ്ടു പഴയതുപോലെ കിടക്കുക. തുടരെത്തുടരെ 10 തവണ ചെയ്യുക.

പാദഉത്താനാസനം:
 മലര്‍ന്ന് നീണ്ട് കിടക്കുക. കൈകള്‍ ശരീരത്തിന്റെ വശങ്ങളില്‍ ചേര്‍ത്ത് നീട്ടിവെക്കുക. കാലുകള്‍ മാത്രം പതുക്കെ തെല്ല് ഉയര്‍ത്തുക. ഏതാനും നിമിഷം കാലുകള്‍ ഉയര്‍ത്തി നിര്‍ത്തിയ ശേഷം സാവധാനം താഴേക്കു കൊണ്ടുവരിക. 10 തവണ തുടരെ ചെയ്യുക.

മടുപ്പകറ്റാന്‍

വ്യായാമത്തിനു വേണ്ടി പ്രത്യേകിച്ച് സമയം കണ്ടെത്താന്‍ കഴിയാത്തവര്‍ക്ക് ജോലിയുടെ ഇടനേരങ്ങളില്‍ത്തന്നെ ലഘു വ്യായാമത്തിനുള്ള അവസരങ്ങളുണ്ടാക്കാനാവും. ഓഫീസുകളിലും മറ്റും ഒരേ ഇരിപ്പിലിരുന്ന് ജോലിചെയ്യേണ്ടി വരുന്ന വര്‍ക്കാണ് ഇതുവേണ്ടിവരിക. ഓരോ മണിക്കൂറിനും ശേഷം രണ്ടോ മൂന്നോ മിനിറ്റ് എഴുന്നേറ്റു നടന്ന് വിരസതയകറ്റുകയും വ്യായാമം ചെയ്യുകയുമാവാം. ഇങ്ങനെ ചെയ്യാവുന്ന ഏറ്റവും നല്ല വ്യായാമ രീതികളിലൊന്നാണ് പടികയറ്റം. ഓരോ മണിക്കൂറും കഴിയുമ്പോള്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റ് ഒന്നോ രണ്ടോ നില കയറിയിറങ്ങുക. ഈ വേളയില്‍ ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുകയോ മറ്റോ ചെയ്യുന്നതും നല്ലതാണ്. ഉച്ചക്കുള്ള ഇടവേളയില്‍ ഊണിനുശേഷം 15 മിനിറ്റ് മിതവേഗത്തില്‍ ചുറ്റി നടക്കുക. വൈകു ന്നേരം ചായയ്ക്കുള്ള ഇടവേളയില്‍ അഞ്ചുമിനിറ്റ് സാമാന്യം വേഗത്തില്‍ നടക്കുക.

മൂന്നു നില വരെയുള്ള പടികള്‍ കയറാന്‍ ലി ഫ്റ്റ് ഉപയോഗിക്കുകയേ അരുത്. ബസ്സില്‍ യാത്ര ചെയ്യുന്നവര്‍ വീടിനു തൊട്ടടുത്ത സ്റ്റോപ്പില്‍ നിന്നു കയറാതെ ഒരുസ്റ്റോപ്പു നട ന്നിട്ടു മാത്രം ബസ്സില്‍ കയറുക. ബസ്സിറങ്ങുമ്പോഴും ഒരു സ്റ്റോപ്പു നേരത്തേ ഇറങ്ങി നടക്കുക.സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ വണ്ടി അരകിലോമീറ്ററെങ്കിലും അകലെ പാര്‍ക്ക് ചെയ്ത ശേഷം നടക്കുക.


വ്യായാമംകൊണ്ട് പല ഗുണങ്ങള്‍


വീട്ടുജോലികള്‍ക്കും ഔദ്യോഗിക തിരക്കുകള്‍ക്കുമിടയില്‍ 'എന്ത് വ്യായാമം' എന്ന് ചോദിച്ചേക്കാം. ആരോഗ്യപരമായി ഏറ്റവും പ്രധാനപ്പെട്ട ഇക്കാര്യത്തിന് സമയം കണ്ടെത്തുന്നത് ഒരു വെല്ലുവിളിയായി ഏറ്റെടുക്കേണ്ടിയിരിക്കുന്നു. അതിരാവിലെ ചെയ്യുന്ന വ്യായാമമാണ് ഫലവത്താവുക. രാവിലെ സമയമില്ലാത്തവര്‍ക്ക് വൈകുന്നേരം ചെയ്യാം. 

കൊളസ്‌ട്രോള്‍, ഹൃദയാരോഗ്യം, പ്രമേഹബാധ എന്നീ കാര്യങ്ങളില്‍ ഊന്നല്‍ നല്‍കിയുള്ള വ്യായമങ്ങളാണെങ്കില്‍ കുറഞ്ഞത് അരമണിക്കൂര്‍ ചെയ്താല്‍ മതി. എന്നാല്‍ ശരീരഭാരം കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് വ്യായാമം ചെയ്യുന്നതെങ്കില്‍ കുറഞ്ഞത് 60 മിനുട്ടെങ്കിലും തുടര്‍ച്ചയായി ചെയ്യേണ്ടതുണ്ട്. പ്രായം മുപ്പതിലെത്തുമ്പോള്‍ അസ്ഥികളുടെ വളര്‍ച്ച പൂര്‍ണ്ണമാവുന്നു. ഈ പ്രായത്തില്‍ ആവശ്യത്തിന് കാല്‍സ്യം അടങ്ങിയ (ഇലക്കറികള്‍, പാല്‍, മത്സ്യങ്ങള്‍) ഭക്ഷണവും വ്യായാമവും ശീലമാക്കിയാല്‍ ഭാവിയിലെ ആര്‍ത്തവവിരാമ പ്രശ്‌നങ്ങളെ ഒഴിവാക്കാം.

ഹൃദയാരോഗ്യവും (കാര്‍ഡിയോ വാസ്‌കുലര്‍ ഫിറ്റ്‌നെസ്സ്) മസിലുകളുടെ ആരോഗ്യാവസ്ഥയും ചേര്‍ന്നതാണ് ഫിറ്റ്‌നെസ്സ.് ഇതില്‍ ഹൃദയാരോഗ്യത്തിനാണ് മുന്‍ഗണന. ഹൃദയം ആരോഗ്യസ്ഥിതിയിലാവുമ്പോള്‍ ശരീരം ഓക്‌സിജനെ നന്നായി ഉപയോഗിക്കുന്നു. വ്യായാമങ്ങള്‍ ചെയ്യാനൊരുങ്ങുമ്പോള്‍ ആദ്യത്തെ 5-10 മിനുട്ടുകള്‍ 'വാം അപ്പ്' എക്‌സര്‍സൈസുകള്‍ ചെയ്യണം.

'വാം അപ്' മനസ്സിനേയും ഹൃദയത്തേയും മസിലുകളേയും സന്ധികളേയും വ്യായാമത്തിനായി സജ്ജമാക്കുന്നു. കാല്‍, കൈകള്‍, തല, വശങ്ങള്‍ എന്നിങ്ങനെ ഓരോന്നായി വലിച്ച് നീട്ടി പിടിക്കുക. ചെറിയ സമ്മര്‍ദ്ദം മതി; വേദനിക്കരുത്. ശ്വാസം സ്വാഭാവികമായിരിക്കണം. ഇത് 5-10 മിനുട്ട് നീണ്ടുനില്‍ക്കണം. അതിനുശേഷം ഇഷ്ടമുള്ള വേഗതയില്‍ നടക്കുകയോ ജോഗിങ്ങോ ചെയ്തുതുടങ്ങാം. കഠിനമായ വ്യായാമങ്ങള്‍ക്കുശേഷം ഒരു പത്ത് മിനുട്ട് നേരം കുറച്ച് 'കൂള്‍ ഡൗണ്‍ എക്‌സര്‍സൈസുകള്‍' ചെയ്യേണ്ടതുണ്ട്. സാവധാനത്തിലുള്ള സൈക്കിളിങ്ങോ നടത്തമോ മതിയാവും.

ശ്രദ്ധിക്കേണ്ടത്

ശരീരത്തില്‍ ഇറുകിക്കിടക്കുന്ന വസ്ത്രങ്ങള്‍ ധരിക്കരുത്. നന്നായി വായുസഞ്ചാരമുള്ള അയഞ്ഞ ടീഷര്‍ട്ടോ കാഷ്വല്‍സോ ധരിക്കുക. സ്ത്രീകള്‍ പാകത്തിലുള്ള ബ്രാ ധരിച്ചില്ലെങ്കില്‍ മാറിടത്തിന്റെ രൂപഭംഗി നഷ്ടപ്പെടാം. സ്ത്രീകള്‍ക്ക് വ്യായാമത്തിനായുള്ള പ്രത്യേകം 'സ്‌പോര്‍ട്‌സ് ബ്രാ' വാങ്ങാന്‍ കിട്ടും.

ഓസ്റ്റിയോപോറോസിസ് പ്രശ്‌നമുള്ളവര്‍ കടുത്ത വ്യായാമങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കണം. നടത്തവും ജോഗിങ്ങും ഏത് അസുഖമുള്ളവര്‍ക്കും ചെയ്യാവുന്ന വ്യായാമങ്ങളാണ്. പ്രമേഹമുള്ളവര്‍ വ്യായാമം ചെയ്യുന്നതിന് അര മണിക്കൂര്‍ മുന്‍പ് ഒരു ഗ്ലാസ് പാട നീക്കിയ പാലോ ജ്യൂസോ കഴിക്കുന്നത് നല്ലതാണ്.

ആര്‍ത്തവകാലത്ത് വ്യായാമങ്ങള്‍ നിര്‍ത്തിവേക്കേണ്ടതില്ല. എന്നാല്‍ കഠിനമായ വെയ്റ്റ്‌ലിഫ്റ്റിങ് പോലുള്ളവ ഒഴിവാക്കുന്നതാണ് നല്ലത്. നീന്തല്‍ ഈ സമയത്ത് വളരെ അനുയോജ്യമായ ഒരു വ്യായാമമാണ്. നടത്തവും ജോഗിങ്ങും ബാറ്റ്മിന്റനും പതിവാക്കിയവര്‍ അത് മുടക്കേണ്ടതില്ല.

ഗര്‍ഭകാലത്ത്, പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നുമില്ലാത്തവരാണെങ്കില്‍ അഞ്ചാം മാസം വരെ സാധാരണ വ്യായാമങ്ങളെല്ലാം ചെയ്യാം. വ്യായാമം പ്രസവത്തെ എളുപ്പമാക്കിത്തീര്‍ക്കും. അഞ്ചാം മാസത്തിനുശേഷം നിയന്ത്രിതമായ നടത്തം മതിയാവും. 

ഓഹരി ഇടപാടു തുടങ്ങാന്‍ അറിഞ്ഞിരിക്കേണ്ടതെല്ലാം

ഓഹരി ഇടപാടു തുടങ്ങാന്‍ അറിഞ്ഞിരിക്കേണ്ടതെല്ലാം
ഹരിയില്‍ നിക്ഷേപം നടത്തി ആകര്‍ഷകമായ വരുമാനം ഉണ്ടാക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണോ നിങ്ങള്‍? എങ്കില്‍ ഓഹരി ഇടപാടിന് ആവശ്യമായ നടപടിക്രമങ്ങളും നിബന്ധനകളും അറിഞ്ഞിരിക്കേണ്ടതുണ്ട്.

ഇന്ത്യന്‍ ഓഹരി വിപണിയുടെ നിയന്ത്രണം കയ്യാളുന്ന സെക്യുറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ അഥവാ സെബി നിക്ഷേപകരുടെ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശനായ സംവിധാനം ഒരുക്കിയിട്ടുണ്ട്. സെബിയുടെ നിബന്ധനകള്‍ പാലിച്ചുകൊണ്ട് മാത്രമേ ഇന്ത്യയില്‍ നിക്ഷേപം സാധ്യമാകൂ.

വ്യക്തിഗത നിക്ഷേപകരെ ചെറുകിട നിക്ഷേപകര്‍ അഥവാ റീട്ടെയില്‍ ഇന്‍വെസ്റ്റേഴ്‌സ് എന്ന വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. അവര്‍ക്ക് നിക്ഷേപം നടത്താന്‍ ആവശ്യമായ നിബന്ധനകള്‍ താഴെ പറയുന്നവയാണ്.

സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബ്രോക്കര്‍മാര്‍ വഴി മാത്രമേ വ്യക്തികള്‍ക്ക് ഇടപാടു നടത്താനാകൂ. അതിനായി ആദ്യം വേണ്ടത് ബ്രോക്കര്‍മാരുടെ അടുത്ത് ട്രേഡിങ് അക്കൗണ്ടും ഡെപ്പോസിറ്ററി അക്കൗണ്ടും (ഡീമാറ്റ്) ആരംഭിക്കുകയാണ്.

ഇത് തുറക്കാനായി വിശ്വാസ്യതയുള്ള ബോക്കറെ തിരഞ്ഞെടുക്കുകയാണ് നിക്ഷേപകന്‍ ആദ്യം ചെയ്യേണ്ടത്. അതു കഴിഞ്ഞാല്‍ നിങ്ങളും ബ്രോക്കറും തമ്മിലുള്ള ബന്ധം ഉറപ്പാക്കാനുള്ള നടപടി ക്രമങ്ങളാണ്. ഇതിനായി നോ യുവര്‍ ക്ലയന്റ് ഫോം പൂരിപ്പിച്ച് ഒപ്പിട്ടു നല്‍കണം. ഫോട്ടോ, ഇടപാടുകാരന്റെ വിശദവിവരങ്ങള്‍ , തിരിച്ചറിയല്‍ രേഖകള്‍ , പാന്‍ നമ്പര്‍ എന്നിവയെല്ലാം ഇവിടെ ആവശ്യമാണ്. ക്ലയന്റ് ബ്രോക്കര്‍ എഗ്രിമെന്റ്, റിസ്‌ക് ഡിസ്‌ക്ലോഷര്‍ ഡോക്യുമെന്റ് എന്നിവയും ഒപ്പിട്ട് നല്‍കേണ്ടതുണ്ട്. 
ഇതെല്ലാം പൂര്‍ത്തിയായാല്‍ ബ്രോക്കര്‍ നിങ്ങള്‍ക്കായി അക്കൗണ്ട് ഓപ്പണ്‍ ചെയ്യും. ഓഹരി വാങ്ങാനും വില്‍ക്കാനുമുള്ള ട്രേഡിങ് അക്കൗണ്ട് ആണിത്. തുടര്‍ന്ന് ബ്രോക്കര്‍ ഒരു യുണീക്ക് ക്ലയന്റ് കോഡ് നിങ്ങള്‍ക്കായി അനുവദിക്കും. ആ കോഡ് വഴി നിങ്ങള്‍ക്ക് ആ ബ്രോക്കര്‍ വഴി ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യാം. 

നിങ്ങള്‍ വാങ്ങുന്ന ഓഹരികള്‍ പേപ്പര്‍ രൂപത്തിലല്ല, ഇലക്‌ട്രോണിക് രൂപത്തിലാണ് ഇപ്പോള്‍ സൂക്ഷിക്കുക. അതിനായാണ് ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കുന്നത്. സേവിങ്‌സ് ബാങ്ക് അക്കൗണ്ടിനു സമാനമാണിത്. എസ് ബി അക്കൗണ്ടില്‍ പണം ആണ് സൂക്ഷിക്കുന്നതെങ്കില്‍ ഡീമാറ്റില്‍ ഓഹരികളാണ് എന്നുമാത്രം. വാങ്ങുന്ന ഓഹരികള്‍ ഈ അക്കൗണ്ടിലേയ്ക്ക് കൂട്ടി ചേര്‍ത്തുകൊണ്ടിരിക്കും. വില്‍ക്കുന്ന ഓഹരികള്‍ അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ചെയ്യും. ഫലത്തില്‍ നിങ്ങളുടെ ഓഹരികളുടെ കൃത്യമായ വിവരം ഡീമാറ്റ് അക്കൗണ്ടില്‍ ഉണ്ടായിരിക്കും.

സ്റ്റോക് എക്‌സ്‌ചേഞ്ചുകളില്‍ പേരു ചേര്‍ത്തിട്ടുള്ള അഥവാ ലിസ്റ്റ് ചെയ്തിട്ടുള്ള ഓഹരികളാണ് നമ്മള്‍ക്ക് വാങ്ങാനും വില്‍ക്കാനും കഴിയുക. എന്‍എസ്ഇ (നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്) , ബിഎസ്ഇ (ബോംബേ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്) എന്നീ രണ്ട് പ്രധാന എക്‌സ്‌ചേഞ്ചുകളാണ് ഇപ്പോള്‍ ഉള്ളത്. ഇവയുടെ ടെര്‍മിനലുകളില്‍ നിന്ന് നിങ്ങള്‍ക്കായി നടത്തുന്ന ഇടപാടുകളില്‍ പണം നല്‍കേണ്ട ഉത്തരവാദിത്വം നിങ്ങളുടെ ബ്രോക്കര്‍ക്കാണ്. അതിനായി നിങ്ങള്‍ ബ്രോക്കറുടെ പേരില്‍ അക്കൗണ്ട് പേയി ചെക്ക് നല്‍കണം. 
ഓഹരി വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്നതിനായി നിങ്ങള്‍ക്ക് ബ്രോക്കറോട് ആവശ്യപ്പെടാം. നേരിട്ട് ചെന്നോ ഫോണ്‍ വഴിയോ ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കാം. ഇതുപ്രകാരമാണ് ബ്രോക്കര്‍ നിങ്ങള്‍ക്കായി ഇടപാടു നടത്തുന്നത്. 

ഇടപാട് നടത്തിയാല്‍ ബ്രോക്കര്‍ ഒരു ട്രേഡ് കണ്‍ഫര്‍മേഷന്‍ സ്ലിപ് നല്‍കും. 24 മണിക്കൂറിനുള്ളില്‍ ഇടപാടു സംബന്ധിച്ച കോണ്‍ട്രക്ട് നോട്ടും ബ്രോക്കര്‍ നല്‍കേണ്ടതുണ്ട്. ഓര്‍ഡര്‍ നമ്പര്‍, സമയം, വില, ബോക്കറേജ് എന്നിവയടക്കം ഇടപാടു സംബന്ധിച്ച എല്ലാ വിവരങ്ങളും വ്യക്തമാക്കിയിട്ടുള്ള ഈ കോണ്‍ട്രാക്ട് നോട്ട് നിയമപരമായ രേഖയാണ്. ഒരു ദിവസം നിങ്ങള്‍ക്കായി നടത്തിയ ഇടപാടിന്റെ രേഖയാണ് കോണ്‍ട്രക്ട് നോട്ട്. ഇടപാടു സംബന്ധിച്ചുള്ള പരാതികളും ക്ലെയിമുകളും സെറ്റില്‍ ചെയ്യാനുള്ള രേഖയാണിത്. ബ്രോക്കര്‍ക്ക് എതിരായി പരാതി സമര്‍പ്പിക്കേണ്ട ആവശ്യം വന്നാല്‍ അതിനുള്ള തെളിവും ഈ നോട്ടാണ്.

കോണ്‍ട്രക്ട് നോട്ടിലെ വിവരങ്ങള്‍ സംബന്ധിച്ച് സംശയം നിങ്ങള്‍ക്കുണ്ടായാല്‍ എക്‌സ്‌ചേഞ്ചുകളുടെ സൈറ്റുകളില്‍ അവ പരിശോധിക്കാനുള്ള സംവിധാനം ഇപ്പോഴുണ്ട്. ഇടയ്ക്ക് ഇത്തരത്തില്‍ പരിശോധന നടത്തി ബ്രോക്കറെ കുറിച്ചുള്ള വിശ്വാസ്യത ഉറപ്പിക്കാവുന്നതാണ്. 

ഇടപാടു നടത്തി 24 മണിക്കൂറുകള്‍ക്കുള്ളില്‍ അതു സംബന്ധിച്ച പണം ഇടപാടുകളും സെറ്റില്‍ ചെയ്തിരിക്കണമെന്നാണ് സെബിയുടെ നിബന്ധന. അതിനാണ് ടി പ്ലസ് ടു എന്നു പറയുന്നത്. ഓഹരി വാങ്ങിയാല്‍ രണ്ട് ദിവസത്തിനകം അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചിരിക്കും. വില്‍ക്കുമ്പോഴാകട്ടെ അതിനുള്ള തുക അത്രയും സമയത്തിനുള്ളില്‍ അക്കൗണ്ടില്‍ വരും. ആവശ്യാനുസരണം ആ പണം ബ്രോക്കര്‍ വഴി പിന്‍വലിക്കാം.

ഇന്റര്‍നെറ്റ് ട്രേഡിങ് വഴി എപ്പോള്‍ എവിടെയിരുന്നും നേരിട്ട് ഇടപാടു നടത്താനും ഇപ്പോള്‍ സാധിക്കും. പക്ഷേ അതിനും ബ്രോക്കറുടെ പക്കല്‍ നിന്ന് ട്രേഡിങ്, ഡീമാറ്റ് അക്കൗണ്ടുകള്‍ ആവശ്യമാണ്. 

ട്രേഡിങ് അക്കൗണ്ട് തുടങ്ങാനും മറ്റുമായി 2000 രൂപ മുതല്‍ 5000 രൂപ വരെ ഫീസ് ഈടാക്കുന്നുണ്ട്. എന്നാല്‍ ഭൂരിപക്ഷം ബ്രോക്കിങ് ഹൗസുകളും ഇപ്പോള്‍ സൗജന്യമായാണ് ട്രേഡിങ് അക്കൗണ്ട് ഓപ്പണ്‍ ചെയ്യുന്നത്. ഓഹരിയിടപാടില്‍ ലഭിക്കുന്ന ബ്രോക്കറേജ് ആണ് ബ്രോക്കിങ് ഹൗസുകളുടെ വരുമാനം. പരമാവധി 2.5 ശതമാനം വരെ ബ്രോക്കറേജ് ആയി ഈടാക്കാന്‍ സെബി അനുവദിച്ചിട്ടുണ്ട്. എന്നാല്‍ കടുത്ത മല്‍സരം നിലനില്‍ക്കുന്നതിനാല്‍ വളരെ ചെറിയ ശതമാനമേ ഇപ്പോള്‍ ബ്രോക്കര്‍മാര്‍ ഈടാക്കുന്നുള്ളൂ. ബ്രോക്കറേജിനു പുറമെ സര്‍വീസ് ചാര്‍ജ്, ടാക്‌സ് എന്നിവയും ഇടപാടുകാരില്‍ നിന്ന് ഈടാക്കും. 

ഓഹരി വാങ്ങാനും വില്‍ക്കാനും ഇനി മൊബൈല്‍

ഓഹരി വാങ്ങാനും വില്‍ക്കാനും ഇനി മൊബൈല്‍
മൊബൈല്‍ഫോണ്‍ വഴി വ്യാപാരം നടത്താന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ അംഗീകരിച്ചിട്ടുള്ള ബ്രോക്കറുടെ പക്കല്‍ അക്കൗണ്ട് തുടങ്ങുകയാണ് ആദ്യമായി നിക്ഷേപകര്‍ ചെയ്യേണ്ടത്. ബ്രോക്കര്‍ ഒരു യൂസര്‍ ഐഡിയും പാസ്‌വേഡും തരും. അതിനുശേഷം മൊബൈല്‍ ഫോണിലേക്ക് ബ്രോക്കറുടെ ട്രേഡിങ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം.

ആപ്ലിക്കേഷനില്‍ മാര്‍ക്കറ്റ് വാച്ച് (വില വിവരങ്ങള്‍, സൂചിക തുടങ്ങിയവ) വിപണി വ്യാപ്തം, സംഗ്രഹിച്ച പോര്‍ട്ട്‌ഫോളിയോ, ഓര്‍ഡര്‍ (Buy / Sell) നല്‍കാനുള്ള സൗകര്യം, നടന്ന ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍, ചാര്‍ട്ടുകള്‍, മാര്‍ക്കറ്റ് ന്യൂസ് എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

നിക്ഷേപകര്‍ക്ക് അവരുടെ പോര്‍ട്ട്‌ഫോളിയോയുടെ മൂല്യമറിയാനും നിക്ഷേപാവസരങ്ങളെക്കുറിച്ചുള്ള വിദഗ്‌ധോപദേശങ്ങള്‍ തേടാനും മാത്രമായും മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. യാത്ര ചെയ്യുമ്പോഴും മറ്റവസരങ്ങളിലും വിപണിയെക്കുറിച്ചോ നടത്തിയ വ്യാപാരത്തെക്കുറിച്ചോ വേഗത്തില്‍ അറിയാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ സഹായിക്കും.

രണ്ടുതരത്തിലുള്ള ആപ്ലിക്കേഷനുകളാണ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ അംഗീകരിച്ചിരിക്കുന്നത്. മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നതും മൊബൈല്‍ ബ്രൗസര്‍ (WAP Enabled) വഴി ഉപയോഗിക്കാവുന്നതും. ഇത്തരം ആപ്ലിക്കേഷന് വേണ്ടത് ജാവാ സാങ്കേതികവിദ്യയുള്ള ഫോണും ജിപിആര്‍എസ് അല്ലെങ്കില്‍ എഡ്ജ് സര്‍വീസുള്ള കണക്ഷനുമാണ്. ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമായ മിക്കവാറും എല്ലാ ഫോണുകളിലും ഈ സൗകര്യങ്ങളുണ്ട്.

നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട സുപ്രധാനമായ കാര്യം അക്കൗണ്ടിന്റെ സുരക്ഷയാണ്. ബ്രോക്കര്‍ പാസ്‌വേഡ് നല്‍കിയാല്‍ ആദ്യമായി ചെയ്യേണ്ടത് ലോഗിന്‍ ചെയ്ത് പാസ്സ്‌വേഡ് മാറ്റുകയാണ്. പാസ്‌വേഡ് ഒരിക്കലും സ്വന്തം പേരോ, മൊബൈലിന്റെ പേരോ അല്ലെങ്കില്‍ പെട്ടെന്ന് ഊഹിച്ച് കണ്ടുപിടിക്കാവുന്നതോ ആയിരിക്കരുത്. നിശ്ചിത ഇടവേളകളില്‍ പാസ്സ്‌വേഡ് മാറ്റണം.

മൊബൈല്‍ നഷ്ടപ്പെടുകയാണെങ്കില്‍ നമ്മള്‍ സാധാരണയായി സേവനദാതാവായ കമ്പനിയെ അറിയിക്കാറുണ്ട്. അതോടൊപ്പം ബ്രോക്കറെയും അറിയിച്ച് മൊബൈല്‍ വഴിയുള്ള അക്കൗണ്ട് ഉപയോഗം വിച്ഛേദിക്കണം. നിക്ഷേപകരുടെ സുരക്ഷയ്ക്കുള്ള മറ്റ് മാര്‍ഗങ്ങള്‍ ബ്രോക്കറുടെ ആപ്ലിക്കേഷനില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടാവും. ബ്രോക്കര്‍ ടെര്‍മിനലിലൂടെ നടത്താവുന്ന എല്ലാ ഇടപാടുകളും മൊബൈല്‍ വഴി നടത്താം. പുതുതലമുറയിലുള്ള നിക്ഷേപകര്‍ക്കായി ധാരാളം ഓഫറുകളും പ്രതീക്ഷിക്കാം. പുതിയ ഈ സംരംഭം വലിയ പ്രതീക്ഷകളാണ് വിപണിയില്‍ സൃഷ്ടിക്കുന്നത്.
           2000 ഫിബ്രവരിയില്‍ തുടങ്ങിയ ഇന്റര്‍നെറ്റ്‌വഴിയുള്ള ഓഹരി വ്യാപാരം ഇതിനകം 22% വിപണിവിഹിതം കൈയടക്കി. മൊത്തം വിപണിയുടെ 50 ശതമാനത്തോളം വന്‍കിട ഇന്ത്യന്‍-വിദേശ ധനകാര്യ സ്ഥാപനങ്ങളുടേതായിരിക്കേ, ചെറുകിട വിപണിയില്‍ ഇന്റര്‍നെറ്റിന്റെ സ്വാധീനം എത്രയാണെന്ന് ഇതില്‍നിന്നും അനുമാനിക്കാം. ഇതേപോലുള്ള ഒരു മാധ്യമമാണ് അല്പം വൈകിയാണെങ്കിലും ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായിരിക്കുന്നത്.

ഓഹരി നിക്ഷേപകനും ബാങ്ക് ഡെപ്പോസിറ്റ് , പിപിഎഫ് തുടങ്ങിയ നിശ്ചിത വരുമാനമുള്ള ആസ്തികളിലുള്ള നിക്ഷേപകനും തമ്മിലുള്ള പ്രധാന വ്യത്യാസം മൂല്യത്തിലുള്ള ദ്രുത വ്യതിയാനമാണ്. ഓഹരി വിലയിലുള്ള ഈ വ്യതിയാനം വളരെയധികം വ്യാപാര അവസരങ്ങള്‍ സൃഷ്ടിക്കും. കൃത്യവും സൂക്ഷ്മവുമായി എടുക്കുന്ന നിക്ഷേപ തീരുമാനങ്ങള്‍ മറ്റ് നിക്ഷേപങ്ങളില്‍നിന്നും കിട്ടുന്ന വരുമാനത്തേക്കാളും അനേകമടങ്ങ് നേട്ടങ്ങളുണ്ടാക്കാനുള്ള അവസരങ്ങള്‍ തുറന്നുതരും.

ഇന്റര്‍നെറ്റിലൂടെയുള്ള ഓഹരി വ്യാപാരം നിക്ഷേപകര്‍ക്ക് സുതാര്യതയും വേഗവും സ്വന്തം തീരുമാനപ്രകാരമുള്ള ക്രയവിക്രയങ്ങളും സാധ്യമാക്കി. ഇതിലും ഒരുപടി മുന്നിലാണ് മൊബൈല്‍ ട്രേഡിങ്ങെന്നുപറയാം. ഓഹരി വിപണിയില്‍ വേഗവും സമയവും പ്രധാന ഘടകങ്ങളായിരിക്കേ, തത്സമയം വിപണിയിലെ വിവരങ്ങള്‍ മൊബൈല്‍ ഫോണ്‍വഴി അറിയാനും വ്യാപാരം നടത്താനും നിക്ഷേപകന് കഴിയുക വലിയ കാര്യമാണ്.

64 കോടിയിലേറെ മൊബൈല്‍, ടെലഫോണ്‍ വരിക്കാര്‍ ഇന്ത്യയിലുണ്ട്. ചൈനകഴിഞ്ഞാല്‍ ഇന്ത്യയിലാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ മൊബൈല്‍ഫോണുകള്‍ ഉപയോഗിക്കുന്നത്. 2013-14ല്‍ വരിക്കാരുടെ എണ്ണം 100 കോടി ഭേദിക്കും. കേരളത്തില്‍ മാത്രം 1.5 കോടിയിലേറെ മൊബൈല്‍ വരിക്കാരുണ്ട്. സുതാര്യമായ വിപണിയിലേക്ക് ചെറുകിട നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള അനന്ത സാദ്ധ്യതകളാണ് ഈ കണക്കുകള്‍ കാണിക്കുന്നത്.

അതിസങ്കീര്‍ണമായ കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യ ലഘൂകരിച്ച് കൈയ്ക്കുള്ളില്‍ കൊണ്ടുനടക്കാവുന്ന തരത്തില്‍ അവതരിപ്പിച്ചിരിക്കുന്നതാണ് മൊബൈല്‍ഫോണ്‍. അതുകൊണ്ടുതന്നെ, ഫോണിന്റെ സാധാരണ ഉപയോഗത്തിനപ്പുറം പലതരം ആവശ്യങ്ങള്‍ക്കായി മൊബൈല്‍ഫോണ്‍ ഉപയോഗിക്കാവുന്നതാണ്. റെയില്‍വേ ടിക്കറ്റ് റിസര്‍വേഷന്‍, ന്യൂസ്, മൊബൈല്‍ ഗെയിംസ് എന്നിവ ഉദാഹരണങ്ങളാണ്.

മൊബൈല്‍ഫോണിനെ ഒരു ഡിജിറ്റല്‍ ശൃംഖലയിലേക്ക് ഘടിപ്പിക്കുന്നത് ജിപിആര്‍എസ് (ജനറല്‍ പാക്കറ്റ് റേഡിയോ സര്‍വീസ്) അല്ലെങ്കില്‍ അതിന്റെ തന്നെ വിപുലപ്പെടുത്തിയ എഡ്ജ് (എന്‍ഹാന്‍സ്ഡ് ഡാറ്റാ റേറ്റ്‌സ് ഫോര്‍ ജിഎസ്എം ഇവൊലൂഷന്‍ അഥവാ എന്‍ഹാന്‍സ്ഡ് ജിപിആര്‍എസ്) സാങ്കേതിക വിദ്യയാണ്. ഇതിലൂടെ മൊബൈല്‍ഫോണിനെ ഒരു കമ്പ്യൂട്ടര്‍ ശൃംഖലയുമായി ഘടിപ്പിക്കാനാവും.

ഓഹരി വിപണി ഇന്നൊരു വലിയ കമ്പ്യൂട്ടര്‍ ശൃംഖലയാണ്. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍, ബ്രോക്കര്‍മാര്‍, റിസര്‍ച്ച് അനലിസ്റ്റുകള്‍, ബാങ്കുകള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ ഇതിലെ പ്രധാന കണ്ണികളാണ്. ഇതിലേക്ക് നിക്ഷേപകരെ നേരിട്ട് ബന്ധിപ്പിക്കാനാണ് ഇന്റര്‍നെറ്റും മൊബൈല്‍ഫോണും മറ്റും ഉപയോഗിക്കുന്നത്.



സോഷ്യല്‍ മീഡിയ വഴി പണമുണ്ടാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍




ഫേസ്ബുക്ക്, ട്വിറ്റര്‍, ലിങ്ക്ഡ്ഇന്‍, ഓര്‍ക്കുട്ട്, മൈ സ്‌പേസ്.... സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളെക്കുറിച്ച് ഇപ്പൊ ആര്‍ക്കാ അറിയാത്തെ? പക്ഷെ ഇത്തരം സൈറ്റുകളിലൂടെ പ്രതിമാസം ആയിരങ്ങള്‍ സമ്പാദിക്കാനാകുമെന്ന് എത്ര പേര്‍ക്കറിയാം?

കമ്പനികളെക്കുറിച്ചും അവയുടെ ഉത്പന്നങ്ങള്‍, സേവനങ്ങള്‍, ബ്രാന്‍ഡുകള്‍ എന്നിവയെക്കുറിച്ചുമൊക്കെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൂടെ പ്രചാരണം നല്‍കുക വഴി വിദ്യാര്‍ഥികള്‍ക്കും വീട്ടമ്മമാര്‍ക്കുമൊക്കെ നല്ലൊരു വരുമാന മാര്‍ഗ്ഗമുണ്ടാക്കാം. ദിവസേന രണ്ടോ മൂന്നോ മണിക്കൂര്‍ ചെലവഴിച്ചാല്‍ മതി. 

തുടങ്ങാന്‍

സ്വന്തമായി ഒരു കമ്പ്യൂട്ടറോ ലാപ്‌ടോപ്പോ ഉള്ള ആര്‍ക്കും ഇത്തരമൊരു ജോലി/ ബിസിനസ് ആരംഭിക്കാവുന്നതേയുള്ളൂ. നല്ല സ്​പീഡുള്ള ഇന്റര്‍നെറ്റ് കണക്ഷനും വേണം. ഇവയുണ്ടെങ്കില്‍ വീട്ടിലോ ഹോസ്റ്റലിലോ ഇരുന്നു തന്നെ നിങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സ്‌കില്‍സും അത്യാവശ്യമാണ്. അതായത് ട്വീറ്റ് ചെയ്യാനും ഫേസ്ബുക്കിലും മറ്റും പോസ്റ്റുകള്‍ പബ്ലിഷ് ചെയ്യാനുമുള്ള അറിവ്. 

പ്രവര്‍ത്തനരീതി

ക്ലയന്റിന് വേണ്ടി സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ അക്കൗണ്ട് തുടങ്ങണം. കമ്പനിയുടെ ഏത് ഉത്പന്നത്തെക്കുറിച്ചാണ് പ്രചരണം നല്‍കേണ്ടത് അവയെക്കുറിച്ച് മനസ്സിലാക്കി ലഘുവിവരണങ്ങള്‍ തയ്യാറാക്കുക. ഇവ ട്വിറ്ററിലും ഫേസ്ബുക്കിലുമൊക്കെ ടാര്‍ഗറ്റ് ഓഡിയന്‍സിനിടയില്‍ പോസ്റ്റ് ചെയ്യുക. വിവരണങ്ങള്‍ തയ്യാറാക്കുമ്പോള്‍ കൂടുതല്‍ സേര്‍ച്ച് ചെയ്യാന്‍ സാധ്യതയുള്ള കീവേര്‍ഡുകള്‍ പരമാവധി ഉപയോഗിക്കുക. 

നിലവിലുള്ള പരസ്യപ്രചാരണ മാധ്യമങ്ങളില്‍ ഏറ്റവും ഇഫക്ടീവ് ആണ് സോഷ്യല്‍ മീഡിയ. കമ്പനി ഏത് വിഭാഗക്കാരെയാണ് ലക്ഷ്യമിടുന്നത് (ടാര്‍ഗറ്റ് ഓഡിയന്‍സ്) അവരെ എളുപ്പം കണ്ടെത്താന്‍ സോഷ്യല്‍ മീഡിയ സഹായിക്കുന്നു. ഇന്ററാക്ടീവ് ആണെന്നതാണ് മറ്റൊരു പ്രത്യേകത. അതിനാല്‍ തന്നെ കമ്പനിയെക്കുറിച്ചും അവയുടെ ഉത്പന്ന - സേവനങ്ങളെക്കുറിച്ചുമുള്ള വിവരണങ്ങളും റിവ്യുകളുമൊക്കെ പോസ്റ്റ് ചെയ്താല്‍ മാത്രം പോര. ഒരാള്‍ സംശയം ചോദിച്ചാല്‍ അല്ലെങ്കില്‍ അഭിപ്രായം പറഞ്ഞാല്‍ അതിന് വേഗത്തില്‍ മറുപടി നല്‍കാന്‍ ശ്രദ്ധിക്കണം. വിമര്‍ശനങ്ങള്‍ക്കും ഫലപ്രദമായ മറുപടി നല്‍കണം. 

വരുമാനം 

തുടക്കത്തില്‍ ഒരു ക്ലയന്റില്‍ നിന്ന് പ്രതിമാസം 10,000 രൂപ മുതല്‍ 20,000 രൂപ വരെ ഈടാക്കാം. എന്നാല്‍ ഏതെങ്കിലുമൊരു സോഷ്യല്‍ മീഡിയ സൈറ്റ് വഴി മാത്രം പ്രചാരണം നല്‍കിയാല്‍ മതിയെങ്കില്‍ നിരക്ക് കുറച്ചുകൊടുക്കാവുന്നതാണ്. ഈ രംഗത്ത് സാന്നിധ്യം ഉറപ്പിച്ചുകഴിഞ്ഞാല്‍ ഒരു ക്ലയന്റില്‍ നിന്ന് 50,000 രൂപ വരെ ലഭിക്കും. 

പാസ്‌വേഡുകള്‍ സുരക്ഷിതമാക്കാന്‍

പാസ്‌വേഡുകള്‍ സുരക്ഷിതമാക്കാന്‍
ഡിജിറ്റല്‍ യുഗമാണിത്. പസ്‌വേഡുകള്‍ അഥവാ രഹസ്യ അടയാളവാക്കുകള്‍ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായ കാലം. സ്വകാര്യത സൂക്ഷിക്കാനും സാമ്പത്തിക ഇടപാടുകള്‍ക്കുമെല്ലാം പാസ്‌വേഡുകള്‍ കൂടിയേ തീരൂ. ഇമെയില്‍, ബാങ്കിംഗ്, ഷോപ്പിംഗ്, എ ടി എം, സൗഹൃദക്കൂട്ടായ്മകള്‍, ഫോറങ്ങള്‍, ഡോക്യുമെന്റുകള്‍, ഡാറ്റാബേസുകള്‍, ക്രഡിറ്റ് കാര്‍ഡ്, ബയോസ് പാസ് വേര്‍ഡ്, ലോഗിന്‍ പാസ് വേര്‍ഡ്, നെറ്റ് വര്‍ക്ക് പാസ് വേര്‍ഡ് .. തീര്‍ന്നില്ല, ആധുനിക ഡോര്‍ ലോക്കുകള്‍ മുതല്‍ ടീവിയില്‍ ചൈല്‍ഡ് ലോക്കിനിടുന്ന നാലക്ക സംഖ്യകള്‍ വരെ നീളുന്നു പാസ്‌വേഡുകള്‍ ആവശ്യമായയിടങ്ങളുടെ നിര.

     പല ഇന്റര്‍നെറ്റ് ഉപയോക്താക്കളും സുപ്രധാനമായ പാസ്‌വേഡുകള്‍ തെരഞ്ഞെടുക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും അത്ര ശ്രദ്ധ പുലര്‍ത്തുന്നില്ല എന്നാണ് പഠനങ്ങളും സര്‍വ്വേകളും നല്‍കുന്ന സൂചന. ഇതുമൂലം മാനഹാനി മുതല്‍ വന്‍ സാമ്പത്തിക നഷ്ടം വരെ അനുഭവിക്കേണ്ടി വരുന്നവര്‍ കുറവല്ല. അതിനാല്‍ പാസ്‌വേഡ് സുരക്ഷ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്.


പാസ്‌വേഡുകള്‍ മോഷ്ടിക്കപ്പെടുന്നത്
ഒരു പാസ്‌വേഡും പൂര്‍ണമായി സുരക്ഷിതം ആണെന്ന് അവകാശപ്പെടാന്‍ കഴിയില്ല. വിദഗ്ധമായി തയ്യാറാക്കിയ കമ്പ്യൂട്ടര്‍ പ്രോഗ്രമുകള്‍ കൊണ്ട് ഏതു പാസ്‌വേഡിനേയും മോഷ്ടിച്ചെടുക്കാനാകും. പക്ഷേ, ഇതിനെടുക്കുന്ന സമയം വളരെ പ്രധാനമാണ്. ഒരു സ്യൂട്ട് കേസിന്റെ നമ്പര്‍ലോക്കില്‍ ഇട്ട കോഡ് മറന്നു പോയാല്‍ എന്തു ചെയ്യും. മൂന്നക്ക ലോക്ക് ആണെങ്കില്‍ 000 മുതല്‍ 999 വരെ ഓരോ നമ്പറും പരീക്ഷിക്കുക തന്നെ. ഒരു നമ്പര്‍ പരീക്ഷിക്കാന്‍ ശരാശരി 5 സെക്കന്റ് എടുക്കും എങ്കില്‍ ഏകദേശം ഒന്നര മണിക്കൂര്‍ കൊണ്ട് പൂട്ടു തുറക്കാന്‍ ആകും.

നിങ്ങള്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ള സംഖ്യകളുടെ ഒരു പട്ടിക തയ്യാറാക്കി അവ ആദ്യം പരീക്ഷിച്ചാല്‍ ചിലപ്പോള്‍ മിനിട്ടുകള്‍ കൊണ്ടു തന്നെ തുറക്കാനാകും. കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുന്ന പാസ് വേഡുകളുടെ കാര്യവും ഇതു പോലെതന്നെയാണ്. ഇവിടെ ഓരോ പാസ്‌വേഡും ഒന്നൊന്നായി പരിശോധിക്കുന്നത് കമ്പ്യൂട്ടര്‍ പ്രോഗ്രാം ആണെന്നു മാത്രം. കമ്പ്യൂട്ടറിന്റെ വേഗത്തിനനുസരിച്ച് സെക്കന്റില്‍ പതിനായിരക്കണക്കിനു പാസ്‌വേഡുകള്‍ പരീക്ഷിക്കാന്‍ കഴിയുന്ന സോഫ്ട്‌വേറുകള്‍ നിലവിലുണ്ട്.

1. പാസ്‌വേഡുകള്‍ ഊഹിച്ചെടുക്കല്‍

ഇത് പ്രത്യേകിച്ച് സോഫ്ട്‌വേര്‍ വിജ്ഞാനം ഒന്നും ഇല്ലാതെത്തന്നെ പലരും ചെയ്യുന്നതാണ്. അടുത്ത കാലത്തായി യു.എസ്.പ്രസിഡന്റ് ബാരക് ഒബാമയുടേതടക്കം പല പ്രമുഖരുടേയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത ഒരു വിദ്വാന്‍ അകത്തായത് ഓര്‍മ്മയില്ലേ? അയാള്‍ ചെയ്തതും ഇതുതന്നെ. മിക്കവാറും പ്രമുഖരുടെ കുടുംബകാര്യങ്ങള്‍ അടക്കമുള്ള എല്ലാ കാര്യങ്ങളും ഇന്റര്‍നെറ്റില്‍ ആധികാരികമായിത്തന്നെ ലഭ്യമാണ്. ആ നിലയ്ക്ക് അവര്‍ ലളിതമായ പാസ്‌വേഡുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ ഊഹിച്ചെടുക്കുക അത്ര പ്രയാസമുള്ള കാര്യമല്ല. ജനനത്തീയതി, കുടുംബാംഗങ്ങളുടെ പേര്, വാഹന നമ്പര്‍ തുടങ്ങിയവ ഇത്തരത്തില്‍ ഊഹിച്ചെടുക്കാന്‍ എളുപ്പമാണ്.

സാധാരണ വെബ് സൈറ്റുകളിലും ഇമെയില്‍ സേവന സംവിധാനങ്ങളിലും പാസ്‌വേഡുകള്‍ മറന്നു പോകുകയാണെങ്കില്‍ റീസെറ്റ് ചെയ്യാനായി ഒന്നോ രണ്ടോ അടയാള ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും രേഖപ്പെടുത്തേണ്ടതുണ്ട്. ഇത് ഹാക്കര്‍മാരുടെ ജോലി കൂടുതല്‍ എളുപ്പമാക്കുന്നു. നിങ്ങളുടെ പാസ്‌വേഡിനെപ്പോലെത്തന്നെ പ്രാധാന്യം ഉള്ളതാണ് പാസ്‌വേഡ് റീസെറ്റ് ചോദ്യവും. മിക്കവാറും ചോദ്യങ്ങള്‍ ഇത്തരത്തിലുള്ളവ ആയിരിക്കും ' നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട വിനോദം എന്ത്?', 'നിങ്ങളുടെ പ്രിയപ്പെട്ട വളര്‍ത്തു മൃഗത്തിന്റെ പേരെന്ത്' ? നിങ്ങള്‍ ആദ്യം വാങ്ങിയ വാഹനത്തിന്റെ നമ്പര്‍ എന്ത് ?....എന്നിങ്ങനെ. ഇത്തരത്തിലുള്ള ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഊഹിച്ചെടുക്കുന്നത് അത്ര എളുപ്പമല്ലെങ്കിലും വ്യക്തിയുമായി കൂടുതല്‍ അടുപ്പമുള്ള ആളാണെങ്കില്‍ അതത്ര വിഷമമുള്ള കാര്യമാവില്ല. 

2. നിഘണ്ടു ആക്രമണം (Dictionary Attacks)
പല പാസ്‌വേഡ് ക്രാക്കിംഗ് സോഫ്ട്‌വേറുകള്‍ വളരെ സാധാരണയായി ഉപയോഗിക്കുന്ന ഒരു സാങ്കേതിക വിദ്യ ആണ് 'നിഘണ്ടു ആക്രമണം'. അതായത് നിഘണ്ടുവില്‍ (പ്രധാനമായും ഇംഗ്ലീഷ്) ഉള്ളതും സാധാരണ ഉച്ചരിക്കുന്നതുമായ വാക്കുകള്‍ ഒന്നിനു പിറകേ ഒന്നായി പാസ്‌വേഡ് ആയി പരീക്ഷിക്കുക. പാസ്‌വേര്‍ഡ് റിക്കവറി ടൂള്‍ കിറ്റ് എന്ന പ്രശസ്തമായ സോഫ്ട്‌വേര്‍ ഇത്തരത്തില്‍ ഒന്നാണ്. ഒന്നിനു പിറകെ ഒന്നായി പാസ് വേഡുകള്‍ പരീക്ഷിക്കുന്നതിനെ 'ബ്രൂട്ട് ഫോഴ്‌സ് അറ്റാക്ക്' എന്നാണു വിശേഷിപ്പിക്കുന്നത്.

ഇപ്പോള്‍ മിക്കവാറും എല്ലാ ഇമെയില്‍ അക്കൗണ്ടുകളും ബാങ്കിംഗ് സൈറ്റുകളും സൗഹൃദക്കൂട്ടായ്മകളും ഇത്തരത്തിലുള്ള ആക്രമണങ്ങളില്‍ നിന്ന് ഒരു പരിധി വരെ മുക്തമാണ്. കാരണം രണ്ടോ മൂന്നോ തെറ്റായ ശ്രമങ്ങള്‍ക്കു ശേഷം അക്കൗണ്ട് സ്വാഭാവികമായിത്തന്നെ ഒരു നിശ്ചിത സമയത്തേക്ക് ലോക്ക് ആയിപ്പോകുന്നു. ഉദാഹരണമായി എസ് ബി ഐയുടെ ഓണ്‍ലൈന്‍ ബാങ്കിംഗ് സൈറ്റ് തന്നെ എടുക്കാം. തുടര്‍ച്ചയായ മൂന്നു ശ്രമങ്ങള്‍ക്കൊടൂവിലും ലോഗിന്‍ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ 24 മണിക്കൂര്‍ നേരത്തേക്ക് പ്രസ്തുത അക്കൗണ്ട് ഉപയോഗിക്കാന്‍ കഴിയില്ല.

ഇത് വെബ്‌സൈറ്റുകളുടെ കാര്യം. പക്ഷേ ഒരു വേര്‍ഡ് ഫയലോ എക്‌സല്‍ ഫയലോ, അല്ലെങ്കില്‍ മറ്റ് എന്തെങ്കിലും സോഫ്ട്‌വേറോ ആണെങ്കില്‍ ഇപ്പോഴും ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് ബ്രൂട്ട് ഫോഴ്‌സ് അറ്റാക്ക് തന്നെ ആണ്. സെക്കന്റില്‍ പതിനായിരക്കണക്കിനു പാസ്‌വേഡുകള്‍ ആണ് ഇത്തരം റിക്കവറി സോഫ്ട്‌വേറുകള്‍ പരീക്ഷിക്കുന്നത്. അതായത് എത്ര വലിയ പാസ്‌വേഡുകള്‍ ആണെങ്കിലും ചുരുങ്ങിയ സമയങ്ങള്‍ക്കകം തകര്‍ക്കപ്പെടുന്നു.

ശക്തമായ പാസ്‌വേഡുകള്‍ നിര്‍മ്മിക്കാന്‍ പലരും അക്ഷരങ്ങള്‍ക്കു പകരമായി അക്കങ്ങളും ചിഹ്നങ്ങളും ഒക്കെ മാറ്റി മറിച്ച് ഉപയോഗിച്ചിരുന്നു. ഉദാഹരണമായി a, A ക്കു പകരമായി @, B ക്കു പകരമായി 3, 't' ക്കു പകരമായി '7', 'S' നു പകരമായി $, 'X' നു പകരമായി * തുടങ്ങിയവ അവയില്‍ ചിലതു മാത്രം. പക്ഷേ ഇന്നു ലഭ്യമായ പാസ്‌വേഡ് പൊളിക്കല്‍ സോഫ്ട്‌വേറുകള്‍ ഇങ്ങനെയുള്ള സാധ്യതകള്‍ കൂടി മുന്‍കൂട്ടിക്കണ്ട് പുതുക്കപ്പെട്ടവയാണ്. അതായത് നിഘണ്ടുവിലുള്ള പദമായ 'Apple' നു പകരമായി '@Pp1e' എന്നു ഉപയോഗിച്ചാലും അതിനെ ഒരു നല്ല പാസ്വേഡ് ആയി കണക്കാക്കാന്‍ കഴിയില്ല. Apple ന്റെ തിരിച്ചെഴുത്ത് ആയ Elppa നിഘണ്ടുവില്‍ കാണാന്‍ കഴിയില്ലെങ്കിലും ഒരു നല്ല പാസ്വേഡ് അല്ല.

3. കീ ലോഗര്‍ പ്രോഗ്രാമുകള്‍


ശക്തമായ വൈറസ് പ്രതിരോധ പ്രോഗ്രാമുകള്‍ ഉപയോഗിക്കാത്തതും ഓപ്പറേറ്റിംഗ് സിസ്റ്റം സമയാ സമയം പുതുക്കപ്പെടാത്തതുമായ കമ്പ്യൂട്ടറുകളില്‍ കീ ലോഗറുകള്‍ എന്നറിയപ്പെടുന്ന ദുഷ്ട പ്രോഗ്രാമുകള്‍, നിങ്ങള്‍ കീ ബോര്‍ഡില്‍ ടൈപ്പ് ചെയ്യുന്ന ഓരോ അക്ഷരങ്ങളും പകര്‍ത്തി ഹാക്കര്‍മാരുടെ കൈകളില്‍ എത്തിക്കുന്നു. ലിനക്‌സ് , മാക് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ ഒരു പരിധിവരെ ഇത്തരം പ്രോഗ്രാമുകളില്‍ നിന്നും മുക്തമാണ്. നമ്മുടെ നാട്ടില്‍ ഉപയോഗിക്കുന്ന ഭൂരിഭാഗം വിന്‍ഡോസ് പതിപ്പുകളും വ്യാജം ആയതിനാല്‍ കാലാനുസൃതമായി മൈക്രോസോഫ്ട് പുറത്തിറക്കുന്ന സുരക്ഷാ പതിപ്പുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ കഴിയില്ല. എത്ര തന്നെ ശക്തമായ വൈറസ് പ്രതിരോധ സോഫ്ട്‌വേറുകള്‍ ഉപയോഗിച്ചാലും ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ സുരക്ഷാ പഴുതുകള്‍ ഇത്തരം ദുഷ്ട പ്രോഗ്രാമുകളുടെ നുഴഞ്ഞു കയറ്റത്തിന് വഴിവക്കുന്നു. 

4. ബ്രൗസറുകളില്‍ പാസ് വേഡ് സൂക്ഷിക്കുക വഴി


ബ്രൗസറുകളില്‍ പാസ്‌വേഡുകളും യൂസര്‍ ഐഡിയും സൂക്ഷിക്കാന്‍ കഴിയുന്നു. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍, ക്രോം, ഫയര്‍ഫോക്‌സ് തുടങ്ങിയ ബ്രൌസറുകളില്‍ സൂക്ഷിച്ചിരിക്കുന്ന പാസ്‌വേഡുകള്‍ ഒരു പ്രോഗ്രാമിന്റെയും സഹായം ഇല്ലാതെത്തന്നെ കാണാന്‍ കഴിയും. പൊതു കമ്പ്യൂട്ടറുകളില്‍ (ഇന്റര്‍ നെറ്റ് കഫേകളിലും ഓഫീസുകളിലും മറ്റും) ഇത്തരത്തില്‍ പാസ്‌വേഡുകള്‍ സൂക്ഷിച്ചാല്‍ ആര്‍ക്കും അവ ദുരുപയോഗം ചെയ്യാന്‍ കഴിയും. 

5. ഫിഷിംഗ് സൈറ്റുകള്‍ വഴി


അടുത്ത കാലത്തായി ഏറ്റവും കൂടുതല്‍ വര്‍ധിച്ചിരിക്കുന്ന ഒരു പാസ്‌വേഡ് മോഷണ രീതി ആണു ഫിഷിംഗ് സൈറ്റുകളും വ്യാജ ഇമെയില്‍ സന്ദേശങ്ങളും. യഥാര്‍ഥ സൈറ്റുകളോടു സാമ്യമുള്ള വ്യാജ സൈറ്റുകള്‍ വളരെ വിദഗ്ദമായി ഉപയോക്താക്കളെ കുഴിയില്‍ ചാടിക്കുന്നു. ഇത്തരം വ്യാജ സന്ദേശങ്ങള്‍ ലഭിക്കാത്തവര്‍ വിരളം ആയിരിക്കും. എല്ലാ ബാങ്കുകളും ഫിഷിംഗിനെക്കുറിച്ചു വളരെ വിശദമായ മുന്നറിയിപ്പുകള്‍ നല്‍കാറുണ്ടെങ്കിലും അജ്ഞതയും അശ്രദ്ധയും കാരണം പലരും വ്യാജന്മാരുടെ കെണിയില്‍ പെടാറുണ്ട്. ഒരു കറന്‍സി നോട്ടു കിട്ടിയാല്‍ അത് വ്യാജനാണോ എന്ന് പരിശോധിക്കുന്നതു പോലെത്തന്നെ പ്രധാനം ആണ് വ്യാജസൈറ്റുകളെ തിരിച്ചറിയുന്നതും.

6. വിശ്വാസ യോഗ്യമല്ലാത്ത സോഫ്റ്റ്‌വെയറുകള്‍


രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് G-Archiver എന്ന ഒരു പ്രോഗ്രാം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ഉപയോക്താക്കള്‍ക്ക് ജിമെയില്‍ അക്കൌണ്ടിന്റെ ഒരു ലോക്കല്‍ കോപ്പി കമ്പ്യൂട്ടറില്‍ എടുത്തുവയ്ക്കുന്നതിന് ഉപകരിക്കുന്ന പ്രോഗ്രാം ആയിരുന്നു ഇത്. പക്ഷേ ഇതിന്റെ മൂല കോഡ് പരിശോധിച്ച ഒരു പ്രോഗ്രാമര്‍ ഞെട്ടിക്കുന്ന ഒരു വസ്തുതയാണ് കണ്ടെത്തിയത്. ഓരൊ തവണയും ഈ പ്രോഗ്രാം ഉപയോഗിക്കുമ്പോള്‍ ഉപയോഗിക്കുന്ന ആളുടെ യൂസര്‍ ഐഡിയും പാസ്വേഡും പ്രോഗ്രാമറുടെ ഇമെയില്‍ ഐഡിയിലേക്ക് പോകുന്നതായി കണ്ടു. പിന്നീട് അവര്‍ ഇതിനെ ഒരു അബദ്ധം ആയി ന്യായീകരിക്കുകയുണ്ടായെങ്കിലും വിശ്വാസ്യതയില്ലാത്ത പ്രോഗ്രാമുകള്‍ ഉപയോഗിക്കുന്നതു കൊണ്ടുള്ള കുഴപ്പങ്ങളുടെ ഒരു ഉത്തമ ഉദാഹരണം ആണ് ഇത്.

പാസ്‌വേഡുകളും മറ്റു സ്വകാര്യ വിവരങ്ങളും ചോര്‍ത്തുവാന്‍ ഇപ്പോഴും വളരെ അധികം ഉപയോഗിക്കുന്ന ഒന്നാണ് ബ്രൗസര്‍ ടൂള്‍ബാറുകള്‍. യൂട്യൂബ് വീഡിയോകളും മറ്റു സോഫ്ട്‌വേറുകളും ഡൗണ്‍ലോഡ് ചെയ്യാന്‍ വേണ്ടിയാണ് പലരും ഇത്തരം ടൂള്‍ബാറുകള്‍ ബ്രൗസറുകളില്‍ ഉപയോഗിക്കുന്നത് എന്നാല്‍ വിശ്വാസ്യയോഗ്യമല്ലാത്ത ടൂള്‍ബാറുകളുടെ ഉപയോഗം സ്വകാര്യതക്ക് വലിയ ഭീഷണി തന്നെ ആണ്. 


ശക്തമായ പാസ്‌വേഡ് നിര്‍മിക്കാന്‍


പതിനഞ്ചിനുമുകളില്‍ അക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളും ഒക്കെ ഉള്ള പാസ്‌വേഡുകളെ അതിശക്തമെന്ന് കണക്കാക്കാം. പക്ഷേ ഇത്ര വലിയ പാസ്‌വേഡുകള്‍ പലപ്പോഴും അപ്രായോഗികം ആണ്. പല സൈറ്റുകളിലും പരമാവധി ഉപയോഗിക്കാവുന്ന പാസ്‌വേഡ് അക്ഷരങ്ങളുടെ എണ്ണത്തിനു പരിധിയുണ്ട്. സാധാരണയായി ചുരുങ്ങിയത് എട്ടും പരമാവധി 12 ഉം ആണ് കണ്ടു വരുന്നത്.

വലിയക്ഷരങ്ങളും ചെറിയക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളും ഇടകലര്‍ത്തിയതും ചുരുങ്ങിയത് പത്ത് അക്ഷരങ്ങള്‍ എങ്കിലും ഉള്ളതും ഒരു ഭാഗവും നിഘണ്ടുവില്‍ കാണാത്തതും ആയ വാക്കിനെ നല്ല ഒരു പാസ്വേഡ് ആയി കണക്കാക്കാം. പക്ഷേ പ്രത്യേകിച്ച് അര്‍ഥമൊന്നും ഇല്ലാത്ത ഇത്തരം വാക്കുകള്‍ ഓര്‍ത്തുവക്കാന്‍ വളരെ പ്രയാസമാണ്. പിന്നെ എങ്ങിനെ ഒരു നല്ല പാസ്വേഡ് തെരഞ്ഞെടുക്കും? 

1. സ്വന്തമായി ഒരു പാസ്‌വേഡ് ഭാഷ


കേള്‍ക്കുമ്പോള്‍ അപ്രായോഗികം ആയി തോന്നുമെങ്കിലും ശക്തമായ പാസ്‌വേഡുകള്‍ നിര്‍മ്മിക്കാന്‍ ഇത് വളരെ ഉപകാരപ്രദം ആണ്..

ഓര്‍ത്തുവെയ്ക്കാന്‍ എളുപ്പമുള്ളതോ നിങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നതോ ആയ ഒരു വാചകം തെരഞ്ഞെടുക്കുക. ഉദാഹരണമായി 'If you tell the truth, you don't have to remember anything.' 

ഈ വാചകത്തിലെ ഓരോ വാക്കിലേയും ആദ്യാക്ഷരങ്ങള്‍ എടൂക്കുക. 
IYTTT, YDHTRA ഇതിനെ ചില അക്ഷരങ്ങള്‍ക്കു പകരമായി അക്കങ്ങളും ചിഹ്നങ്ങളും ഉപയോഗിച്ച് ഒരു പാസ്വേഡ് ആക്കി മാറ്റിയിരിക്കുന്നു. !y7tT,yDh7R@ ഇത് ഒരു നല്ല പാസ്വേഡിന്റെ ഗുണങ്ങളെല്ലാം അടങ്ങുന്നതാണ്. അതായത് നിഘണ്ടുവിലുള്ള വാക്കോ അതിന്റെ വ്യതിയാനങ്ങളോ അല്ല, 11 അക്ഷരങ്ങള്‍ ഉണ്ട്. വലിയക്ഷരങ്ങളും ചെറിയക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളും ഉപയോഗിച്ചിരിക്കുന്നു.

ഇനി ഇത് ഓര്‍ത്തു വക്കുന്നതെങ്ങിനെ? അതാണ് ആദ്യം സൂചിപ്പിച്ച നിങ്ങളുടെ സ്വന്തമായ പാസ്‌വേഡ് ഭാഷ. ഞാന്‍ മൂന്നിനു പകരമായി 'e' യും 7നു പകരമായി 't' യും പാസ്വേഡിനായി ഉപയോഗിക്കുന്നു. നിങ്ങള്‍ക്ക് 3 നു പകരമായി 'M' വേണമെങ്കില്‍ ഉപയോഗിക്കാം (മൂന്ന് എന്ന അര്‍ത്ഥത്തില്‍). ഇംഗ്ലീഷിനു പകരമായി മലയാളത്തില്‍ ഉള്ള ചൊല്ലുകളും വാചകങ്ങളും വേണ്ട രീതിയില്‍ മാറ്റി മറിച്ച് ഉപയോഗിച്ചാല്‍ പാസ്വേഡുകളെ കൂടൂതല്‍ സങ്കീര്‍ണ്ണമാക്കാം. ഓര്‍ത്തിരിക്കാനും എളുപ്പം ആകും

ഇനി കൂടുതല്‍ എളുപ്പമുള്ള മറ്റൊരു മാര്‍ഗ്ഗം- അനുയോജ്യമായ ഒരു വാക്ക് തെരഞ്ഞെടുക്കുക. നേരത്തേ സൂചിപ്പിച്ചതുപോലെ ഒരു വാചകത്തിലെ വാക്കുകളുടെ ആദ്യാക്ഷരങ്ങള്‍ ഉപയോഗിച്ചു നിര്‍മ്മിച്ച വാക്കായാല്‍ കൂടുതല്‍ നല്ലത്. MYBANKACCOUNT ആണ് ആ വാക്ക് (ഒരു ഉദാഹരണം മാത്രം) എങ്കില്‍ കീബോര്‍ഡില്‍ ഓരോ അക്ഷരത്തിനും പകരമായി അതിനു തൊട്ടു മുകളില്‍ ഉള്ള അക്ഷരമോ അക്കമോ ചിഹ്നമോ ഉപയോഗിക്കുക അപ്പോള്‍ ഇങ്ങനെ മാറ്റപ്പെടുന്നു 'j^gqhiqdd9&h5' ഇവിടെ അക്കങ്ങളും ചിഹ്നങ്ങളും ഒന്നിടവിട്ട് ഉപയോഗിച്ചിരിക്കുന്നു. 

2. പാസ്‌വേഡുകള്‍ എഴുതി സൂക്ഷിക്കുക


സാധാരണയായി ഇത് ഒരു സുരക്ഷിതമായ കാര്യമല്ലെന്നു പറയാറുണ്ടെങ്കിലും വളരെയധികം സ്ഥലങ്ങളില്‍ പാസ്‌വേഡുകള്‍ ഉപയോഗിക്കേണ്ടിവരികയും അവ അടിക്കടി മാറ്റേണ്ടി വരികയും വരുമ്പോള്‍ മറവി പറ്റാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ പാസ്‌വേഡുകള്‍ എഴുതി സുരക്ഷിതമായ സ്ഥലങ്ങളില്‍ സൂക്ഷിക്കുന്നതിലും തെറ്റൊന്നും ഇല്ല. നിങ്ങള്‍ക്കു മാത്രം മനസ്സിലാകുന്ന രീതിയില്‍ രേഖപ്പെടുത്തി വയ്ക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്.

3. പാസ്‌വേഡ് മാനേജര്‍ സോഫ്ട്‌വേറുകള്‍


നിരവധി പാസ്‌വേഡ് മാനേജര്‍ സോഫ്ട്‌വേറുകള്‍ ലഭ്യമാണ്. ഈ സോഫ്ട്‌വേറുകള്‍ ഒന്നിലധികം ഇടങ്ങളില്‍ ഉപയോഗിക്കേണ്ട പാസ്‌വേഡുകളെ ഒരു മാസ്റ്റര്‍ പാസ്‌വേഡ് ഉപയോഗിച്ചു പൂട്ടി വയ്ക്കുന്നു. ഈ മാസ്റ്റര്‍ പാസ്‌വേഡ് മാത്രം ഓര്‍ത്തു വച്ചാല്‍ മതി. സ്വതന്ത്ര സോഫ്ട്‌വേര്‍ ആയ കീ പാസ് പാസ്‌വേഡ് സേഫ് ഇത്തരത്തിലുള്ള ഒന്നാണ്. ഇതുപയോഗിച്ച് നിങ്ങളുടെ എല്ലാ പാസ്‌വേഡുകളും ഒരു ഡാറ്റാബേസില്‍ ഇട്ട് മാസ്റ്റര്‍ കീ കൊണ്ടു പൂട്ടി വയ്ക്കാന്‍ കഴിയുന്നു. പാസ്‌വേഡ് ഡാറ്റാബേസ് ആകട്ടെ അതി ശക്തമായ എന്‍ക്രിപ്ഷന്‍ സാങ്കേതികവിദ്യ കൊണ്ടു സുരക്ഷിതമാക്കിയിരിക്കുന്നു. മാത്രമല്ല ഇത് കൊണ്ടുനടക്കാവുന്ന സോഫ്ട്‌വേറും ആണ്. അതായത് കമ്പ്യൂട്ടറില്‍ പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല. ശക്തമായ പാസ്‌വേഡുകള്‍ നിര്‍മ്മിക്കുവാനുള്ള സംവിധാനവും ഉണ്ട്.

4.ഒന്നിലധികം സ്ഥലങ്ങളില്‍


എല്ലായിടങ്ങളിലും ഒരേ പാസ്‌വേഡുകള്‍ ഉപയോഗിക്കുന്നത് അഭികാമ്യമല്ല. പക്ഷേ സങ്കീര്‍ണ്ണങ്ങളായ അനേകം പാസ്‌വേഡുകള്‍ ഓര്‍ത്തു വക്കുന്നതും എളുപ്പമല്ല. അതിനായി പാസ്‌വേഡ് ഉപയോഗിക്കേണ്ട സൈറ്റുമായി ബന്ധമുള്ള എന്തെങ്കിലും ശൈലികളോ വാക്കുകളോ തെരഞ്ഞെടുക്കുക. അത് നിങ്ങള്‍ക്ക് ഓര്‍മ്മിക്കാന്‍ കഴിയുന്നതും മറ്റുള്ളവര്‍ക്ക് ഊഹിക്കാന്‍ കഴിയാത്തവയും ആകണം. അതായത് ബാങ്കിംഗ് സൈറ്റ് ആണെങ്കില്‍ പണവുമായി ബന്ധപ്പെട്ട എന്തെങ്കിലും.

ഒരു സങ്കീര്‍ണമായ അടിസ്ഥാന പാസ്‌വേഡ് നിര്‍മ്മിച്ചു കഴിഞ്ഞാല്‍ അതിനോട് സൈറ്റുകള്‍ക്കനുസരിച്ച് വേണ്ട കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി എളുപ്പത്തില്‍ ഓര്‍ത്തു വയ്ക്കാം. ഉദാഹരണമായി നിങ്ങളുടെ ഒരു അടിസ്ഥാന പാസ്‌വേഡ്
 !8H^m:G$-:) ആണെന്നിരിക്കട്ടെ ഇത് ജിമെയിലില്‍ ഉപയോഗിക്കുമ്പോള്‍ !8H^m:G$-:)G3@1l (Gmail നെ കോഡ് ചെയ്തിരിക്കുന്നു) എന്നും യാഹൂവില്‍ ഉപയോഗിക്കുമ്പോള്‍ !8H^m:G$-:)y@h0O എന്നും വേണമെങ്കില്‍ മാറ്റാം.

അക്കൗണ്ടുകളുടെ പ്രാധാന്യമനുസരിച്ച് പാസ്‌വേഡുകളെ വര്‍ഗീകരിക്കുക. തികച്ചും അപ്രധാനമായ അക്കൗണ്ടുകള്‍ക്കായി അതിസങ്കീര്‍ണമായ പാസ്‌വേഡുകള്‍ ഉപയോഗിക്കണം എന്നില്ല. അതായത് നിങ്ങളുടെ ക്രഡിറ്റ് കാര്‍ഡ് അക്കൗണ്ടിനും എപ്പോഴെങ്കിലും ലോഗിന്‍ ചെയ്യുന്ന ഒരു ഫോറത്തിനും ഉപയോഗിക്കുന്ന പാസ്‌വേഡുകള്‍ ഒരേ രീതിയില്‍ സങ്കീര്‍ണമാകണം എന്നില്ല. 

പാസ്‌വേഡിന്റെ ശക്തി പരിശോധിക്കാന്‍


നേരെത്ത സൂചിപ്പിച്ച കീപാസ് പോലെയുള്ള പാസ്വേഡ് മാനേജര്‍ സോഫ്ട്‌വേറുകളില്‍ പാസ്‌വേഡുകളുടെ ശക്തി പരീക്ഷിക്കാനുള്ള സങ്കേതങ്ങളും സന്നിവേശിപ്പിച്ചിട്ടുണ്ട്. കൂടാതെ മൈക്രോസോഫ്ടിന്റെ ഈ പേജില്‍ പോയും നിങ്ങളുടെ പാസ്‌വേഡ് ശക്തമാണോ എന്നു പരിശോധിക്കാം 

പാസ്‌വേഡ് സുരക്ഷ ഒറ്റനോട്ടത്തില്‍


1. ഒരു ഇമെയിലിനും മറുപടിയായി പാസ്‌വേഡോ യൂസര്‍ ഐഡിയോ കൊടുക്കാതിരിക്കുക. ഇമെയില്‍ സേവന ദാതാക്കളോ ബാങ്കുകളോ ഈ മെയിലിലൂടെ പാസ്‌വേഡോ മറ്റു സ്വകാര്യ വിവരങ്ങളും ആവശ്യപ്പെടാറില്ല.
2. നിങ്ങളുടെ പൂര്‍ണ നിയന്ത്രണത്തിലല്ലാത്ത കമ്പ്യൂട്ടറുകളില്‍ പാസ്‌വേഡുകള്‍ സൂക്ഷിക്കാതിരിക്കുക.
3. ആരുമായും ഒരു കാരണവശാലും പാസ്‌വേഡുകള്‍ പങ്കുവക്കാതിരിക്കുക.
4. ഒന്നില്‍ കൂടൂതല്‍ അക്കൌണ്ടുകള്‍ക്ക് ഒരേ പാസ്വേഡുകള്‍ ഉപയോഗിക്കാതിരിക്കു, പ്രത്യേകിച്ച് സുപ്രധാനമായ അക്കൗണ്ടുകള്‍ക്ക്.
5. യൂസര്‍ ഐഡിയോടു സാമ്യമുള്ള പാസ്വേഡുകള്‍ ഉപയോഗിക്കാതിരിക്കുക.
6. പാസ്‌വേഡുകള്‍ എഴുതി സൂക്ഷിക്കുകയാണെങ്കില്‍ അതിന്റെ സുരക്ഷ ഉറപ്പു വരുത്തുക.
7. യൂസര്‍ ഐഡിയും പാസ്‌വേഡും വ്യത്യസ്ത ഇടങ്ങളില്‍ മാറ്റി ഉപയോഗിക്കാതിരിക്കുക.
8. നിങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പാസ്‌വേഡായി ഉപയോഗിക്കാതിരിക്കുക ഉദാ: ജനനത്തീയതി, വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍, മക്കളുടേയോ ഭാര്യയുടേയോ പേര് തുടങ്ങിയവ.
9. വളരെ ലളിതവും ഊഹിക്കാന്‍ എളുപ്പവും ഉള്ള സാധാരണ പാസ്‌വേഡുകള്‍ ആയ PASSWORD, ABCD, ABC123, abc123* തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.
10. കീബോര്‍ഡില്‍ അടുത്തടുത്തു വരുന്ന അക്ഷരങ്ങളും അക്കങ്ങളും പാസ്‌വേഡായി ഉപയോഗിക്കാതിരിക്കുക. (ഉദാ: QWERTY, ASDFG, ZXCV തുടങ്ങിയവ).
11. നിശ്ചിത ഇടവേളകളില്‍ പാസ്‌വേഡുകള്‍ മാറ്റിക്കൊണ്ടിരിക്കുക.
12. പാസ്‌വേഡുകള്‍ പോലെത്തന്നെ പ്രധാന്യമുള്ളതാണ് യൂസര്‍ ഐഡിയും. എളുപ്പത്തില്‍ ഊഹിക്കാവുന്നവ ഒഴിവാക്കുക. ADMIN, ADMINISTRATOR തുടങ്ങിയവ ഹാക്കര്‍മ്മാര്‍ക്ക് സുപരിചിതവും പ്രിയപ്പെട്ടതും ആണ്.
13. പാസ്‌വേഡുകള്‍ ഒരിക്കലും ഇമെയിലിലൂടെയോ എസ് എം എസ്സിലൂടെയോ ടെലിഫോണിലൂടെയോ കൈമാറാതിരിക്കാന്‍ ശ്രദ്ധിക്കുക.
14. നിങ്ങളുടെ സ്വന്തം കമ്പ്യൂട്ടറില്‍ ആണെങ്കില്‍ കൂടി ബ്രൗസറുകളില്‍ പാസ്‌വേഡുകള്‍ സൂക്ഷിക്കുമ്പോള്‍ അവയേ ഒരു മാസ്റ്റര്‍ പാസ്‌വേഡ് കൊണ്ട് സുരക്ഷിതമാക്കുക.
15. ഇന്റര്‍നെറ്റ് കഫേകളിലൂടെയും മറ്റും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ മതിയായ സുരക്ഷാസംവിധാനങ്ങള്‍ ഉണ്ടെന്ന്. ഉറപ്പു വരുത്തുക. മാത്രമല്ല കുക്കീസ് ബ്രൗസിംഗ് ഹിസ്റ്ററി തുടങ്ങിയവ നീക്കം ചെയ്യുക.
16. കീ ലോഗര്‍ പ്രോഗ്രാമുകളെ നേരിടാനായി ബാങ്കിംഗ് സൈറ്റുകളിലും മറ്റും ലഭ്യമായ 'ഓണ്‍ സ്‌ക്രീന്‍ കീബോഡുകള്‍' ഉപയോഗിക്കുക.
17. ഫിഷിംഗിനു ഇരയായി എന്നു തോന്നിയാല്‍ ഉടന്‍ തന്നെ പാസ്‌വേഡ് മാറ്റുക. കൂടെ പാസ്‌വേഡ് റീസെറ്റ് ചോദ്യവും ഉത്തരവും കൂടി മാറ്റാന്‍ മറക്കരുത്. ഇത്തരത്തില്‍ പാസ്‌വേഡ് മാറ്റാന്‍ കഴിയുന്നില്ലെങ്കില്‍ ഉടന്‍ തന്നെ പ്രസ്തുത സ്ഥാപനത്തിന്റെ കസ്റ്റമര്‍ കെയര്‍ വിഭാഗവുമായി ബന്ധപ്പെടുക.