,

2012, ജനുവരി 7, ശനിയാഴ്‌ച

മലയാളം ബ്ലോഗിംഗിനപ്പുറത്തേക്ക്

മലയാളം ബ്ലോഗിംഗിനപ്പുറത്തേക്ക്
ലയാളം കമ്പ്യൂട്ടിംഗിന്റെ ഒരു ഉപയോഗമായ ബ്ലോഗിംഗ് ആണ് പലപ്പോഴും ചര്‍ച്ച ചെയ്യപ്പെടാറുള്ളത്. എന്നാല്‍ ബ്ലോഗ് എഴുതാനായി മാത്രം നമ്മുടെ ഭാഷ കമ്പ്യൂട്ടറില്‍ കൈകാര്യം ചെയ്യുവാന്‍ പഠിക്കുന്നതിനേക്കാള്‍ കുറച്ചുകൂടി അഭികാമ്യമല്ലേ, കമ്പ്യൂട്ടറിലും ഇന്റര്‍നെറ്റിലും ആ ഭാഷയുടെ മറ്റ് ഉപയോഗങ്ങള്‍ കൂടി കണ്ടെത്തുക എന്നത്?
ബ്ലോഗില്‍ നിങ്ങള്‍ എഴുതുന്ന കുറിപ്പുകളും, ലേഖനങ്ങളും, കവിതകളും, തമാശകളും എല്ലാം നിങ്ങളുടെ സ്വന്തമായ ഒരു വെബ് പേജില്‍ പ്രസിദ്ധീകരിക്കപ്പെട്ടു, അത് കുറേ ആളുകള്‍ വായിച്ചു, അതിനുശേഷം അത് ആര്‍ക്കൈവ്സില്‍ സേവ് ചെയ്യപ്പെട്ടു – ഒരു ബ്ലോഗിന്റെ ഉപയോഗം അവിടെ അവസാനിക്കുന്നു. ഇതില്‍നിന്ന് ഒരു പടി കടന്ന്, കം‌പ്യൂട്ടറില്‍ മലയാളഭാഷ കൈകാര്യം നിങ്ങള്‍ ആര്‍ജ്ജിച്ച കഴിവ് നമ്മുടെ സമൂഹത്തിനും, ഭാവിതലമുറയ്ക്കും പ്രയോജനകരമായ രീതിയില്‍ ഉപയോഗിക്കാനാവുന്ന മറ്റൊരു സംവിധാനം ഉണ്ടെങ്കിലോ? അവയില്‍ പ്രധാനപ്പെട്ട ഒന്നാണ് വിക്കിമീഡിയ ഫൌണ്ടേഷന്റെ മലയാളം വിക്കി പദ്ധതികള്‍.

എന്താണ് വിക്കിപീഡിയ?

അനേകം എഴുത്തുകാരുടേയും വായനക്കാരുടേയും സഹകരണത്തോടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ഒരു സ്വതന്ത്ര ഓണ്‍‌ലൈന്‍ വിജ്ഞാനകോശമാണ് വിക്കിപീഡിയ. ഒട്ടേറെ പേരുടെ അറിവും പ്രയത്നവും വിക്കിപീഡിയയിലെ ഓരോ ലേഖനത്തിനു പിന്നിലുണ്ട്. ഏറ്റവും വലിയ വിക്കിപീഡിയ ഇംഗ്ലീഷിലാണ്. ഇംഗ്ലീഷ് വിക്കിപീഡിയയില്‍ നിലവില്‍ 25 ലക്ഷത്തിലധികം ലേഖനങ്ങള്‍ ഉണ്ട്. മലയാളം വിക്കിപീഡിയ വികസിച്ചുവരുന്നതെയുള്ളൂ. 8000 ത്തോളം ലേഖനങ്ങളാണു നിലവില്‍ മലയാളം വിക്കിപീഡിയയിലുള്ളത്.

പുസ്തകരൂപത്തിലുള്ള വിജ്ഞാനകോശങ്ങളെ അപേക്ഷിച്ച് വിക്കിപീഡിയയ്ക്കുള്ള പ്രത്യേകതകള്‍ എന്തൊക്കെയാണ്?

മറ്റു വിശ്വവിജ്ഞാനകോശങ്ങളെ അപേക്ഷിച്ച് ഓണ്‍ലൈന്‍ വിക്കിപീഡിയയ്ക്കുള്ള സവിശേഷത, അതിലെ വിവരങ്ങള്‍ ആധികാരികമായി പറയുവാനാവുന്ന ആര്‍ക്കും, ഏതു വായനക്കാരനും, എപ്പോള്‍ വേണമെങ്കിലും എഡിറ്റുചെയ്യാം എന്നതാണ്. ഇന്റര്‍നെറ്റ് വെബ് പേജുകളുടെയെല്ലാം പ്രത്യേകതയായ കണ്ണികള്‍ (ലിങ്കുകള്‍) ഇവയിലും ഉണ്ട്. ഇതിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങള്‍ക്ക് വളരെവേഗം മറ്റൊരു പേജിലേക്കോ റെഫറെന്‍സിലേക്കോ പോകുവാനും സാധിക്കും. ഇതുകൂടാതെ മള്‍ട്ടിമീഡിയയുടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ട് ലേഖനങ്ങളോടൊപ്പം ചിത്രങ്ങള്‍, ആനിമേഷനുകള്‍, ശബ്ദരേഖകള്‍, വീഡിയോകള്‍, തുടങ്ങിയവ ഉള്‍പ്പെടുത്തുവാനും ഒരു വിക്കിപീഡിയ ലേഖനത്തില്‍ സാധ്യമാണ്. എന്നാല്‍ ഇത് ഒരു പുസ്തകത്തില്‍ സാധ്യമല്ല. വളരെ അഡ്വാന്‍സ്‌ഡ് ആയ സേര്‍ച്ച് സൗകര്യമാണ് വിക്കിപീഡിയയില്‍ ഉള്ളത്. ചുരുക്കത്തില്‍ ഇന്റര്‍നെറ്റിന്റെ വരവോടെ, വലിയൊരു ലൈബ്രറിയും, അതുവഴി അറിവിന്റെ അക്ഷയഖനിയുമാണ് നമ്മുടെ കമ്പ്യൂട്ടര്‍ സ്ക്രീനിലൂടെ നമ്മുടെ മുമ്പില്‍ തുറക്കപ്പെടുന്നത്.

ആരാണ് വിക്കിപീഡിയ എഴുതുന്നത്?


അറിവു പങ്കുവെക്കാനുള്ള മനസ്സും, ആ അറിവ് ലളിതമായ ഭാഷയില്‍ എഴുതുവാന്‍ കഴിവുള്ള ആര്‍ക്കും വിക്കിപീഡിയയില്‍ എഴുതാം. വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകന്‍, സാധാരണക്കാര്‍, ബുദ്ധിജീവികള്‍, സാങ്കേതിക വിദഗ്ദ്ധര്‍, വായനയിലൂടെയും സ്വന്തം പ്രവര്‍ത്തനമേഖലയിലൂടെയും അറിവുകള്‍ ആര്‍ജ്ജിച്ചവര്‍ തുടങ്ങി ആര്‍ക്കും എന്തിനെപ്പറ്റിയും വിക്കിപീഡിയയില്‍ എഴുതാം.

വിക്കിപീഡിയയില്‍ ലേഖനങ്ങള്‍ എഴുതുന്നതുകൊണ്ട് എനിക്കെന്തുപ്രയോജനം ലഭിക്കും?

സര്‍വ്വസാധാരണമായ ഒരു ചോദ്യമാണിത്. വിക്കിപീഡിയയില്‍ എഴുതുന്നതു വഴി പണമോ പ്രശസ്തിയോ ലഭിക്കുകയില്ല. നമുക്കോരോരുത്തര്‍ക്കും ഇന്ന് ലഭിച്ചിരിക്കുന്ന അറിവുകള്‍ പലരില്‍നിന്ന് , പലസ്ഥലങ്ങളില്‍നിന്ന്, പലപ്പോഴായി പകര്‍ന്നുകിട്ടിയിട്ടുള്ളതാണ്. അത് മറ്റുള്ളവര്‍ക്കുകൂടി പ്രയോജനമാകുന്ന രീതിയില്‍ പകര്‍ന്നുനല്‍കാന്‍, സൂക്ഷിച്ചുവെക്കാന്‍ ഒരു സാമൂഹിക വ്യവസ്ഥിതിയില്‍ നമുക്കോരോരുത്തര്‍ക്കും കടമയുണ്ട്. ഇതാണ് വിക്കിപീഡിയയില്‍ ഭാഗഭാക്കാവുന്നതുവഴി നമുക്ക് ചെയ്യുവാന്‍ സാധിക്കുന്നത്. സൗജന്യമായി വിജ്ഞാനം പകര്‍ന്നുനല്‍കുന്നതിലൂടെ ലഭിക്കുന്ന ആത്മസംതൃപ്തിമാത്രമാണ് ഇത്തരം ഒരു പൊതുസേവനത്തിലൂടെ ലഭിക്കുക. ഓര്‍ക്കുക, ഇതുപോലെ പല സുമനസുകള്‍ വിചാരിച്ചതിന്റെ ഫലമാണ് നാമിന്ന് ആര്‍ജ്ജിച്ചിരിക്കുന്ന അറിവുകളൊക്കെയും.

കൊടുക്കും‌തോറും വര്‍ദ്ധിക്കുന്ന ഒരേഒരു ധനമേയുള്ളൂ – വിദ്യാധനം. അറിവു പകര്‍ന്നു നല്‍കുക. അതിലൂടെ തീര്‍ച്ചയായും നമ്മുടെ അറിവ് കുറഞ്ഞുപോവുകയല്ല, മറിച്ച് വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. വിക്കിപീഡിയപോലുള്ള സംരഭങ്ങളില്‍ ലേഖനങ്ങള്‍ എഴുതുന്നതിലൂടെ നമ്മുടെ അറിവ് വര്‍ദ്ധിക്കുകയും ആ അറിവ് വിക്കിപീഡിയ്ക്കു പുറത്തുള്ളവരേക്കാള്‍ ഏറ്റവും പുതുതായി ഇരിക്കുകയും ചെയൂന്ന പ്രതിഭാസമാണു ലേഖനം എഴുതന്നതിലൂടെ ലഭിക്കുന്ന ഏറ്റവും വലിയ നേട്ടം എന്നു പരിചയസമ്പന്നരായ എഴുത്തുകാരെല്ലാവരും സമ്മതിക്കും. കാരണം നാം ഒരു ലേഖനം എഴുതുമ്പോള്‍ അതിന്റെ ആധികാരികത ഉറപ്പാക്കാനായി സ്വയം അത് ആദ്യം പഠിക്കും എന്നതു തന്നെ.

വിക്കിപീഡിയയില്‍ ഒരു ലേഖനം എഴുതുന്നതിന് ആ വിഷയത്തില്‍ നല്ല അറിവുണ്ടാകേണ്ടേ? അതില്ലാത്തവര്‍ എന്തുചെയ്യും?

വിക്കിപീഡിയയില്‍ നിന്ന് ആളുകളെ അകറ്റിനിര്‍ത്തുന്ന ഒരു പ്രധാന തെറ്റിദ്ധാരണയാണിത്. വിക്കിപീഡിയയില്‍ ഒരു ലേഖനം എഴുതുവാന്‍ നിങ്ങള്‍ക്ക് ആ വിഷയത്തില്‍ അഗാധപാണ്ഡിത്യം ഉണ്ടാകേണ്ടതില്ല. വിക്കിപീഡിയയിലെ ഒരു ലേഖനവും ഒരാള്‍ മാത്രം എഴുതിതീര്‍ത്തതുമല്ല. പല മേഖലയിലുള്ളവര്‍, പലരാജ്യങ്ങളില്‍ താമസിക്കുന്നവര്‍, ഇന്റര്‍നെറ്റ് എന്ന മാധ്യമത്തിലൂടെ കൂട്ടായി എഴുതിതീര്‍ത്തവയാണ് ഇതിലെ ഓരോ ലേഖനവും.

പലതുള്ളി…. പെരുവെള്ളം….

തിരുവനന്തപുരത്തെ ഒരു സ്കൂള്‍ വിദ്യാര്‍ത്ഥി ഇലക്ട്രിക് ബള്‍ബ് എന്ന ഒരു ലേഖനം വിക്കിപീഡിയയില്‍ എഴുതുവാന്‍ തുടങ്ങുന്നു എന്നു സങ്കല്പിക്കൂ. അവന്റെ അറിവിന്റെ പരിധിയില്‍നിന്നുകൊണ്ട് ഇലക്ട്രിക് ബള്‍ബ് എന്താണ് ചെയ്യുന്നതെന്നതിന്റെ ഒരു അടിസ്ഥാന വിവരണം മാത്രം ഒരു ഖണ്ഡികയില്‍ എഴുതുകയാണ് അവന്‍ ചെയ്തത്. കുറേ ദിവസം കഴിഞ്ഞ് ചെന്നൈയില്‍നിന്നും ഒരു എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ആ ലേഖനം അല്പം കൂടി വിപുലപ്പെടുത്തി ബള്‍ബിന്റെ പ്രവര്‍ത്തന തത്വങ്ങളും, അതിന്റെ രേഖാ ചിത്രങ്ങളും അതേ ലേഖനത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു എന്നിരിക്കട്ടെ.
തുടര്‍ന്ന് അമേരിക്കയില്‍ ജോലി ചെയ്യുന്ന മലയാളിയായ ഒരു ഇലക്ട്രിക് എഞ്ചിനീയര്‍ ഈ ലേഖനം കാണാനിടയാകുകയും, പലവിധ ബള്‍ബുകളെ കുറിച്ച് കുറച്ചുകൂടി ആധികാരികമായതും സാങ്കേതികവിജ്ഞാനം പകരുന്നതുമായ മറ്റുകാര്യങ്ങള്‍കൂടി ആ ലേഖനത്തില്‍ ചേര്‍ക്കുന്നു എന്നും വിചാരിക്കുക. ഇങ്ങനെ അവസാനം ഇലക്ട്രിക് ബള്‍ബിനെപ്പറ്റിയുള്ള ആ ലേഖനം വിജ്ഞാനപ്രദമായ ഒരു നല്ല ലേഖനമായി മാറുന്നു. പലതുള്ളി പെരുവെള്ളം! ഇതുതന്നെയാണ് വിക്കിപീഡിയയിലേ ഓരോ ലേഖനത്തിനു പിന്നിലും ഉള്ള തത്വം. ഇതില്‍ ഭാഗഭാക്കാവാന്‍ നിങ്ങള്‍ക്കും സാധിക്കില്ലേ?

വിക്കിപീഡിയ ലേഖനങ്ങളുടെ പ്രത്യേകതകള്‍

വിക്കിപീഡിയയിലെ ഒരു ലേഖനത്തിനും കൃത്യമായൊരു രചയിതാവില്ല. ഒരു ലേഖനത്തിനു പിന്നില്‍ നിരവധി പേര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാവും. അവരുടെ കാഴ്ചപാടുകളും വ്യത്യസ്തമാവും. അതുകൊണ്ടുതന്നെ, എല്ലാവര്‍ക്കും ഒരു പോലെ യോജിക്കാനാവുന്ന ഒരു മധ്യമാ‍ര്‍ഗത്തിനേ വിക്കിയിലെ ലേഖനങ്ങളില്‍ നിലനില്‍പ്പുണ്ടാവൂ. അതായത്‌ വിക്കി വളരെ സ്വാഭാവികമായി തന്നെ നിഷ്പക്ഷത ഉറപ്പാക്കുന്നു. കശ്മീര്‍, സിന്ധൂനദീതടസംസ്കാരം, ഇസ്രായേല്‍-പാലസ്തീന്‍ എന്നിങ്ങനെയുള്ള കുഴഞ്ഞുമറിഞ്ഞ പ്രശ്നങ്ങളില്‍ പോലും ഏറ്റവും നിഷ്പക്ഷമായ സമീപനത്തിന് പേരുകേട്ടതാണ് വിക്കിപീഡിയ. വിക്കിപീഡിയയിലെ വിവരണം മാത്രമേ ഏതു പ്രശ്നത്തിന്റേയും എല്ലാ വശങ്ങളും ഒരുപോലെ വിവരിക്കുന്നുള്ളൂ എന്നു വിശ്വസിക്കുന്നവരിപ്പോള്‍ ഏറി വരികയാണ്.
എല്ലാ ലേഖകരും, എല്ലാ വിവരസ്രോതസ്സുകളും വസ്തുതകളോട് പക്ഷപാതിത്വം ഉള്ളവരായിരിക്കും. അതുകൊണ്ടുതന്നെ വലിയൊരു ലേഖകസംഘം തങ്ങളുടെ കാഴ്ചപ്പാടുകള്‍ സ്രോതസ്സുകളുടെ പിന്‍ബലത്തോടെ ഒരു ലേഖനത്തില്‍ അവതരിപ്പിക്കുമ്പോള്‍ ലേഖനത്തിന് സ്വതന്ത്രമായ ഒരു നിഷ്പക്ഷത ലഭിക്കേണ്ടതാണ്. ഇത്തരത്തില്‍ ചേരുന്നതും ചേരാത്തതുമായ വിവിധ കാഴ്ചപ്പാടുകളെ ഒരുമിച്ച് കൈകാര്യം ചെയ്യുന്നതിനെ സന്തുലിതമായ കാഴ്ചപ്പാട് എന്നാണ് വിക്കിപീഡിയ സ്വയം വിളിക്കുന്നത്.
ഇനി ഒരാള്‍ക്ക് തന്റെ കാഴ്ചപ്പാട് വിക്കിപീഡിയയില്‍ ഇല്ല എന്നു തോന്നിയെന്നിരിക്കട്ടെ. അയാള്‍ക്ക് അത് സ്വന്തം സ്രോതസ്സിന്റെ പിന്‍ബലത്തോടെ വിക്കിപീഡിയയില്‍ ചേര്‍ക്കാവുന്നതാണ്. ചിലര്‍ക്ക് നല്ലതെന്ന് തോന്നുന്ന കാര്യങ്ങള്‍ മറ്റു ചിലര്‍ക്ക് ചീത്തയായി അനുഭവപ്പെട്ടേക്കാം. അതുകൊണ്ട് വിവരങ്ങളെ വസ്തുതകളാക്കി ചേര്‍ക്കാനാണ് വിക്കിപീഡിയ ആഗ്രഹിക്കുന്നത്. ഉദാഹരണത്തിന് ജോര്‍ജ്ജ് ഡബ്ല്യു. ബുഷ്. നല്ലവനാണോ ചീത്തയാണോ എന്ന് വിക്കിപീഡിയയില്‍ നിന്ന് അറിയാന്‍ കഴിയില്ല. പക്ഷേ അദ്ദേഹത്തിന്റെ ജനനം മുതലുള്ള എല്ലാ പ്രധാന കാര്യങ്ങളും വിക്കിപീഡിയയില്‍ ഉണ്ടാകും. നിരൂപണങ്ങള്‍ വിക്കിപീഡിയയില്‍ ഉണ്ടാകില്ല എന്നര്‍ത്ഥം.

വിക്കിപീഡിയയില്‍ എന്തൊക്കെ എഴുതാം?

ഒരു റെഫറന്‍സ് എന്ന രീതിയില്‍ നിലവിലോ ഭാവിയിലോ വായനക്കാര്‍ക്ക് ഉപകാരമാവുന്ന എന്തും നിങ്ങള്‍ക്ക് വിക്കിപീഡിയയില്‍ ഉള്‍പ്പെടുത്താം. ഈ നിര്‍വചനത്തില്‍ പെടാത്ത ലേഖനങ്ങള്‍ സ്വീകാര്യമാകണമെന്നില്ല. വിക്കിപീഡിയയില്‍ എഴുതുന്നതെല്ലാം കുറ്റമറ്റതാകണം എന്ന വാശി ആര്‍ക്കും വേണ്ട; പുറകേ വരുന്നവര്‍ തിരുത്തിക്കോളും അല്ലെങ്കില്‍ കൂട്ടിച്ചേര്‍ത്തോളും എന്ന അവബോധം വിക്കിയില്‍ എഴുതുന്ന സാധാരണ ഉപയോക്താക്കള്‍ക്ക് വിക്കിപീഡിയയിലെഴുതാന്‍ വലിയൊരാത്മവിശ്വാസം നല്‍കുന്നുണ്ട്‌.
ഒരു പ്രൈമറി സ്കൂള്‍ ടീച്ചര്‍ക്ക് അവരുടെ സ്കൂളിനെപ്പറ്റിയും പ്രൈമറി വിദ്യാ‍ഭ്യാസത്തിന്റെ വിവിധഘട്ടങ്ങളെപ്പറ്റിയുമെഴുതാം. ബാങ്ക്‌ ജീവനക്കാരന് ബാങ്കിംഗ് മേഖലയെക്കുറിച്ചും സ്വന്തം ബാങ്കിന്റെ ചരിത്രവും എഴുതാം. ബിരുദവിദ്യാര്‍ഥിക്കാകട്ടെ അവന്‍ പഠിക്കുന്ന വിഷയത്തിലെ ചില വാക്കുകള്‍ എന്താണെന്ന്‌ നിര്‍വചിക്കാന്‍ സാധിക്കും. പാര്‍ട്ടിപ്രവര്‍ത്തകന് നേതാക്കന്മാരുടെ ജീവിതരേഖ കുറിച്ചിടാം. ഒരു കര്‍ഷകന് കൃഷിയെപ്പറ്റിയുള്ള അനേകം നാട്ടറിവുകള്‍ പങ്കുവെക്കാം. അങ്ങനെ അങ്ങനെ അനേകം ചെറുതുള്ളികള്‍ ചേര്‍ന്നൊരു പെരുമഴയാകുകയാണ് വിക്കിപീഡിയ!

വിക്കിപീഡിയയില്‍ കഥയും കവിതയും ചേര്‍ക്കാമോ?

നല്ലൊരു ചോദ്യമാണിത്. വിക്കിപീഡിയ എന്നാല്‍ വിജ്ഞാനപ്രദമായ ലേഖനങ്ങളുടെ സമാഹാരം മാത്രമാണ് എന്നതു സത്യം; അവിടെ കഥയും കവിതയും ചേര്‍ക്കാനാവില്ല. എന്നാല്‍ വിക്കിപീഡിയയുടെ സഹോദരസംരഭങ്ങളായ വിക്കി ബുക്സ്, വിക്കി സോഴ്സ് എന്നിവ അതിനുള്ള സൗകര്യം തരുന്നുണ്ട്.
നിങ്ങളുടെ സ്വന്തം കൃതികളൊഴിച്ച്, കഴിഞ്ഞകാലത്തെ അമൂല്യഗ്രന്ഥങ്ങള്‍ ശേഖരിക്കുന്ന വിക്കിയാണ് വിക്കിഗ്രന്ഥശാല. പകര്‍പ്പവകാശ പരിധിയില്‍ വരാത്ത പ്രാചീന കൃതികള്‍ (ഉദാ: ബൈബിള്‍, ഖുറാന്‍, വേദങ്ങള്‍, മുതലായവ), പകര്‍പ്പവകാശ കാലാവധി കഴിഞ്ഞ കൃതികള്‍ (ഉദാ: കേരളപാണിനീയം, ആശാന്‍ കവിതകള്‍), പകര്‍പ്പവകാശത്തിന്റെ അവകാശി പൊതുസഞ്ചയത്തിലാക്കിയ കൃതികള്‍ എന്നിങ്ങനെ മൂന്നു തരം കൃതികളാണു വിക്കി ഗ്രന്ഥശാലയില്‍ ചേര്‍ക്കാവുന്നത്.

പാഠപുസ്തകങ്ങള്‍, മത്സരപ്പരീക്ഷാ സഹായികള്‍, വിനോദയാത്രാ സഹായികള്‍, പഠനസഹായികള്‍ എന്നിവ ചേര്ക്കുന്ന വിക്കിയാണു വിക്കിപാഠശാല.
നിര്‍വചനങ്ങള്‍, ശബ്ദോല്പത്തികള്‍, ഉച്ചാരണങ്ങള്‍, മാതൃകാ ഉദ്ധരണികള്‍, പര്യായങ്ങള്‍, വിപരീതപദങ്ങള്‍, തര്‍ജ്ജമകള്‍ എന്നിവയടങ്ങുന്ന സ്വതന്ത്ര ബഹുഭാഷാ നിഘണ്ടു സൃഷ്ടിക്കാനുള്ള ഒരു സഹകരണപദ്ധതിയാണ് വിക്കിനിഘണ്ടു.

ബ്ലോഗെഴുത്തിനെ എങ്ങനെ വിക്കിപീഡിയയുമായി ബന്ധിപ്പിക്കാം?

നിങ്ങള്‍ വിക്കിപീഡിയയില്‍ പ്രസിദ്ധീകരിക്കാനാഗ്രഹിക്കുന്ന ഒരു ലേഖനം ഏകദേശം പൂര്‍ണ്ണമായിത്തന്നെ നിങ്ങളുടെ ബ്ലോഗില്‍ ഒരു ലേഖനമായി പ്രസിദ്ധീകരിക്കാം. ബ്ലോഗിലെ വായനക്കാര്‍ക്ക് നല്ലൊരു ആര്‍ട്ടിക്കിള്‍ കാണുവാനും കമന്റുകള്‍ രേഖപ്പെടുത്തുവാനും സാധിക്കും. അതിനുശേഷം നിങ്ങള്‍ക്ക് വിക്കിപീഡിയയില്‍ അതേ ലേഖനം കോപ്പി / പേസ്റ്റ് ആയി ചേര്‍ക്കുകയും ആവാം.
സാഹിത്യത്തില്‍ അഭിരുചിയുള്ളവര്‍ക്ക് സാഹിത്യവുമായും ഭാഷയുമായും ബന്ധമുള്ള ലേഖനങ്ങള്‍ എഴുതാം, വിക്കിഗ്രന്ഥശാലയില്‍ ഗ്രന്ഥങ്ങള്‍ ചേര്‍ക്കുനതില്‍ സഹകരിക്കാം, വിക്കിനിഘണ്ടുവില്‍ പദങ്ങള്‍ ചേര്‍ക്കാം,സാങ്കേതികവിദഗ്ധര്‍ക്ക് സാങ്കേതികകാര്യങ്ങള്‍ എഴുതാം, ഫോട്ടോഗ്രാഫിയില്‍ കമ്പമുള്ളവര്‍ക്ക് വിക്കി കോമണ്‍സ് എന്ന ഫോട്ടോഗ്യാലറിയിലേക്ക് ചിത്രങ്ങള്‍ സംഭാവനചെയ്യാം, ചരിത്രകുതുകികള്‍ക്ക് ചരിത്രലേഖനങ്ങള്‍ എഴുതാം, വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അവരുടെ പഠനമേഖലയിലെ വിഷയങ്ങള്‍ ലേഖനങ്ങളായി അവതരിപ്പിക്കാം. ഇങ്ങനെ മേഖലകള്‍ക്ക് വിക്കിയില്‍ യാതൊരു പരിധിയുമില്ല. നിങ്ങളുടെ മനസ്സാണ് കാര്യം!

വിക്കിപീഡിയ എന്തൊക്കെയാണ്, എന്തൊക്കെയല്ല ?

വിക്കിപീഡിയ ഒരു ഓണ്‍‌ലൈന്‍ വിജ്ഞാനകോശമാണ്. ഉയര്‍ന്ന ഗുണമേന്മയുള്ള വിജ്ഞാനകോശം സൃഷ്ടിക്കണമെന്ന് ആഗ്രഹിക്കുന്ന, പരസ്പരബഹുമാനവും വിജ്ഞാനതൃഷ്ണയുമുള്ള ഒരു ഓണ്‍ലൈന്‍ സമൂഹമാണ് വിക്കീപീഡിയയുടെ ശക്തി. അതുകൊണ്ടൊക്കെതന്നെ വിക്കിപീഡിയ ചില മേഖലകളെ പ്രതിനിധാനം ചെയ്യുന്നില്ല.
  • വിക്കിപീഡിയ പുസ്തകരൂപത്തിലുള്ള വിജ്ഞാനകോശമല്ല. അതുകൊണ്ടുതന്നെ പുസ്തകരൂപത്തിലുള്ള വിജ്ഞാനകോശം പോലെ ഇതിനു എഡിഷനുകള്‍ ഇല്ല.
  • ഓണ്‍ലൈന്‍ വിജ്ഞാനകോശം ആയതുകൊണ്ട് തന്നെ വിക്കിപീഡിയയില്‍ വിഷയങ്ങളുടെ എണ്ണത്തില്‍ ഒരിക്കലും അവസാനം ഉണ്ടാവാന്‍ സാധ്യതയില്ല.
  • ഒരു ലേഖനത്തിന്റെ വലിപ്പം വളരെയധികം ആകുകയാണെങ്കില്‍ ആ ലേഖനം വിഷയാധിഷ്ഠിതമായി വിഭജിക്കേണ്ടിവരും. ഒരു ലേഖനം കാരണങ്ങളില്ലാതെ വിഭജിക്കാമെന്ന് ഇതുകൊണ്ട് അര്‍ത്ഥമാക്കേണ്ടതില്ല.
  • വിവരങ്ങളാണ് എന്നതുകൊണ്ടുമാത്രം വിക്കിപീഡിയ ചില കാര്യങ്ങള്‍ പ്രസിദ്ധീകരിക്കില്ല. 100% ശരിയായ കാര്യങ്ങള്‍ എന്നതിലുപരി വിജ്ഞാനകോശസ്വഭാവമുള്ള കാര്യങ്ങളാണ് വിക്കിപീഡിയക്കനുയോജ്യം.
  • വിക്കിപീഡിയ ലേഖനങ്ങള്‍ അപൂര്‍വമായി ചില വിഭാഗം വായനക്കാര്‍ക്ക് ആക്ഷേപകരമോ വ്രണപ്പെടുത്തുന്നതോ ആയ കാര്യങ്ങള്‍ ഉള്‍ക്കൊള്ളാനിടയുണ്ട്
  • വിക്കിപീഡിയ ആര്‍ക്കുവേണമെങ്കിലും തിരുത്തുവാന്‍ പാകത്തില്‍ സ്വതന്ത്രമായതുകൊണ്ട് ഒരു ലേഖനത്തിന്റെയും ഉള്ളടക്കത്തെക്കുറിച്ച് ഉറപ്പുപറയാന്‍ വിക്കിപീഡിയക്കാവില്ല. എങ്കിലും ഇംഗ്ലീഷ് വിക്കിപീഡിയയില്‍ അനേക ലേഖനങ്ങള്‍ യതൊരു വിമര്‍ശനങ്ങള്‍ക്കും പഴുതില്ലാത്ത വിധം ആധികാരികങ്ങളായി മാറിയിട്ടുണ്ട്. അത്തരം ലേഖനങ്ങളില്‍ തുടര്‍ന്നുള്ള എഡിറ്റിംഗ് അനുവദിക്കുന്നതല്ല.
വിക്കിപീഡിയയിലെ വിവരങ്ങള്‍ GNU ഫ്രീ ഡോക്യുമെന്റേഷന്‍ അനുമതി അനുസരിച്ച് എവിടേയും സ്വതന്ത്രമായി ഉപയോഗിക്കാം. വിവരങ്ങള്‍ ആര്‍ക്കും സ്വന്തമല്ല എന്ന ആശയത്തിലാണ് വിക്കിപീഡിയ പടുത്തുയര്‍ത്തിയിരിക്കുന്നതു തന്നെ.!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ